ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ ഭാഗ്യം വീണ്ടും ഇന്ത്യൻ പ്രവാസിക്കൊപ്പം, ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ 338 സീരീസിലുള്ള 4829 നമ്പര്‍ ടിക്കറ്റിലൂടെ ദുബായില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളറിന്റെ ( ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അർഹനായത്.
ഓഗസറ്റ് 29ന് ഓണ്‍ലൈന്‍ വഴിയായിരുന്നു ടിക്കറ്റെടുത്തത്. ഒരു വര്‍ഷത്തോളമായി സ്ഥിരമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. താന്‍ വളരെയേറെ സന്തോഷവാനാണെന്നും നാട്ടിലുള്ള തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിജയം സഹായകമായെന്നും ദുബായില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ ലക്ഷ്മി വെങ്കിട്ടറാവു പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്മി വെങ്കിട്ടറാവു.