ന്യൂഡല്‍ഹി : കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസെൻ്റിൽ നിന്ന് ദക്ഷിണ കൊറിയന്‍ കമ്പനി പബ്ജി കോർപ്പറേഷൻ തിരിച്ചെടുത്തു. ടെൻസെൻ്റിന് ഇനി ഇന്ത്യയിലെ ഗെയിം വിതരണത്തിൽ യാതൊരു പങ്കും ഉണ്ടാവില്ലെന്നും പൂർണമായും പബ്ജി കോർപ്പറേഷനാവും ഇന്ത്യയിൽ ഇനി ഗെയിം നിയന്ത്രിക്കുക എന്നും കമ്പനി ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
“സ്വകാര്യതയെ മുൻനിർത്തി ഇന്ത്യൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ പബ്ജി കോർപ്പറേഷൻ പൂർണമായും അംഗീകരിക്കുന്നു. കളിക്കാരുടെ സ്വകാര്യവിവരങ്ങളുടെ സുരക്ഷ കമ്പനിക്കും പ്രധാനമാണ്. ഇന്ത്യൻ നിയമം അനുസരിച്ച് തന്നെ വീണ്ടും രാജ്യത്ത് ഗെയിം പ്രവർത്തിപ്പിക്കാൻ സർക്കാരുമായി പൂർണമായും സഹകരിക്കും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ടെൻസൻ്റ് ഗെയിംസിന് ഇന്ത്യയിൽ പബ്ജിയുമായി ബന്ധപ്പെട്ട് അധികാരങ്ങൾ ഉണ്ടായിരിക്കില്ല. ആരാധകർക്കായി ആരോഗ്യകരമായ ഒരു ഗെയിമിങ് അനുഭവം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.”- പബ്ജി കോർപ്പറേഷൻ പറഞ്ഞു.