ഫോണെടുക്കുന്നു, ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യുന്നു. പത്തേ പത്തു മിനിട്ട്, സാധനങ്ങളെല്ലാം വീട്ടുമുറ്റത്ത് ! ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങാൻ ആളുകൾ ഇപ്പോൾ ഓൺലൈൻ സംവിധാനങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളും ഏതാണ്ട് ഇതുതന്നെ കേരളത്തിലെയും പുതിയ രീതി. ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് പണമിട്ടാൽ, വാതിൽക്കൽ ഐറ്റം എത്തും. രാവിലെയെന്നോ അർദ്ധരാത്രിയെന്നോ വ്യത്യാസമില്ല. കൗമാരക്കാർക്കു പോലും ലഹരിമരുന്ന് കിട്ടുന്നത് ഈ വിധമാണ്. കഴിഞ്ഞവർഷം കൊച്ചിയിൽ ‘മാഡ് മാക്സ്” എന്നപേരിൽ അറിയപ്പെടുന്ന സംഘത്തെ പിടികൂടിയപ്പോഴാണ് ‘വാതിൽപ്പടി സമ്പ്രദായം’ എത്രത്തോളം ശക്തമായെന്ന് എക്സൈസ് പോലും തിരിച്ചറിഞ്ഞത്.കൊച്ചിയിൽ ജോലിതേടിയെത്തിയ കാസർകോട്, ഇടുക്കി സ്വദേശികളായ യുവാക്കൾ പണം കണ്ടെത്താൻ കണ്ടെത്തിയ മാർഗം. വാട്സ്ആപ്പിൽ ‘മാഡ് മാക്സ് “എന്ന പ്രത്യേക ഗ്രൂപ്പുണ്ടാക്കി, കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് വിവരം ലഭിച്ചതോടെ ‘മാഡ് മാക്സ് ” നോട്ടപ്പുള്ളികളായി, പക്ഷേ, ഇവരിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ വൈറ്റിലയിൽ ഇടപാട് നടത്തുന്നതിനിടെ പ്രധാനികളെ പിടികൂടി അകത്താക്കുകയായിരുന്നു. ഈ രീതി അപ്പോഴേക്കും മറ്റ് ലഹരി മാഫിയാ സംഘങ്ങൾ ഏറ്റെടുത്തിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും യഥേഷ്ടം മയക്കുമരുന്ന് കൈമാറ്റം നടക്കുന്നത് ഓൺലൈൻ ഇടപാട് മാതൃകയിലാണ്. ഇടപാടുകാർ ആരെന്നോ, വാങ്ങുന്നവർ ആരെന്നോ പോലും അറിയാത്തവിധം ഇടപാടുകളുമുണ്ട്.
ബൈക്കിൽ പായും ‘നൈറ്റിംഗ് ഗേൾ”കൊച്ചി നഗരത്തിലൂടെ എന്നും അർദ്ധരാത്രി ഒരു സൂപ്പർ ബൈക്ക് ചീറിപ്പായും. ഇത് ആരാണ്, എന്തിന് ഇത്രവേഗം ? എക്സൈസ് ഉദ്യോഗസ്ഥർക്ക് സംശയം. അന്വേഷിക്കാൻ തീരുമാനിച്ചു. കണ്ടെത്തൽ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. സൂപ്പർ ബൈക്കിൽ ചീറിപ്പാഞ്ഞിരുന്നത് എറണാകുളത്ത് പഠിക്കാനെത്തിയ യുവതിയായിരുന്നു. സുഹൃത്തുക്കളെപ്പോലെ അടിച്ചുപൊളിച്ചു നടക്കാനൊന്നും സാമ്പത്തികം ഇവർക്കുണ്ടായിരുന്നില്ല. ബൈക്ക് ഓടിക്കാൻ അറിയാമായിരുന്ന ഇവർ പണം കണ്ടെത്താൻ സ്വീകരിച്ചതാണ് മയക്കുമരുന്ന് വിതരണം.രാത്രി ഒരുമണിയോടെ മയക്കുമരുന്ന് സംഘങ്ങൾ യുവതി താമസിക്കുന്ന ഹോസ്റ്റലിന് അടുത്തെത്തും. ഇവർ ഇട്ടുകൊടുക്കുന്ന കയർ ഗോവണിയിലൂടെ ഹോസ്റ്റൽ മതിൽ ചാടിക്കടക്കും. സംഘത്തിന്റെ ബൈക്കുകളിൽ ഒന്നും ലഹരി കൈമാറേണ്ട ഇടങ്ങളുടെ പട്ടികയും കൈമാറും. പാതിരാത്രിയിൽ 10 ഇടങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് തിരികെ ആരുമറിയാതെ ഹോസ്റ്റലിലേക്കു മടങ്ങും. ഒരു സ്ഥലത്ത് സാധനം നൽകുന്നതിന് 500 രൂപ വീതമാണ് മാഫിയ യുവതിക്ക് നൽകിയിരുന്നത്. ആഡംബര ജീവിതമായിരുന്നു ഇവരുടേതെന്ന് എക്സൈസ് കണ്ടെത്തി. ലഹരിയുമായി പിടികൂടിയ യുവതിയെയും സംഘത്തിലെ 14 പേരെയും എക്സൈസ് പിന്നീട് അറസ്റ്റ് ചെയ്തു.സിന്തറ്റിക്ക് കഞ്ചാവും!എക്സൈസും പൊലീസും രാസലഹരിവേട്ടയ്ക്ക് ഇറങ്ങി. ഉടനടി മയക്കുമരുന്ന് മാഫിയ അടവ് മാറ്റി. രാസലഹരിക്കു പകരം സിന്തറ്റിക് കഞ്ചാവിലേയ്ക്ക് ഇടപാട് മാറ്റി. 0.5 ഗ്രാം എം.ഡി.എം.എ കൈവശംവച്ചാൽ ജയിലിൽ പോകുമെങ്കിലും അതേ വീര്യമുള്ള സിന്തറ്റിക്ക് കഞ്ചാവ് ഒരു കിലോയിൽ താഴെ സൂക്ഷിച്ചാൽപ്പോലും ജാമ്യം കിട്ടുമെന്നതാണ് മാറ്റത്തിനു പ്രേരണ. കഴിഞ്ഞ ജൂലായിൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സിന്തറ്റിക് കഞ്ചാവ് പിടികൂടിയതോടെയാണ് ഇക്കാര്യം എക്സൈസിന്റെ ശ്രദ്ധയിലെത്തിയത്.തുടരന്വേഷണത്തിൽ കൊച്ചിയിലും മറ്റു നഗരങ്ങളിലും ഇതിന്റെ വില്പന വ്യാപകമാണെന്ന് കണ്ടെത്തി. തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക് കഞ്ചാവ് എത്തുന്നതെന്ന് എക്സൈസ് പറയുന്നു. ഒരു ഗ്രാമിന് 4,000 മുതൽ 6,000 രൂപ വരെ ഈടാക്കിയാണ് വില്പന. സമ്പന്നരെ ലക്ഷ്യമിട്ടാണ് ഇടപാടെങ്കിലും യുവാക്കളും ആകൃഷ്ടരായിട്ടുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ പറയുന്നു. കൊച്ചിയിൽ കഞ്ചാവ് കേസുകൾ വർദ്ധിച്ചത് ഇതിന്റെ സൂചനയാണ്. ആറു മാസത്തിനിടെ 209 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഒരാളിൽ നിന്നു മാത്രം 70 കിലോ പിടിച്ചതും ഇതിലുൾപ്പെടും.’സവാരി” ഗിരിഗരി !കണ്ടാൽ സവാരി പോകുന്ന ഓട്ടോറിക്ഷ. പക്ഷേ നടക്കുന്നത് ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള ലഹരി ഇടപാട് ! രാത്രികാലങ്ങളിൽ ഓട്ടോറിക്ഷയുമായി ചുറ്റിനടക്കുന്ന ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് സവാരിയല്ല, യാത്രയ്ക്കിടയിൽ നടക്കുന്നത് മയക്കുമരുന്ന് ഗുളിക വില്പനയാണെന്ന് എക്സൈസ് കണ്ടെത്തിയത്. നാല് രൂപ വിലയുള്ള ഒരു മയക്കുമരുന്ന് ഗുളിക ഒന്നിന് 200 രൂപയ്ക്കാണ് വിറ്റിരുന്നത്. കാക്കനാട് ഭാഗത്തു നിന്ന് പിടിയിലായ യുവാവിൽ നിന്നു ലഭിച്ച വിവരമാണ് ഓട്ടോ ഡ്രൈവറിലേക്ക് വഴിതുറന്നത്.ഷെഡ്യൂൾഡ് എച്ച് വൺ വിഭാഗത്തിൽപ്പെട്ട നൈട്രോസെപാം ഗുളിക അപൂർവം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഒപ്പം ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകൾ ഉണ്ടായാലേ മരുന്ന് വാങ്ങാനാകൂ. ഒന്ന് ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ് ഇത്. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയവരെയും വൈകാതെ പിടികൂടി. ഗുളികകളും, ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഛർദ്ദിക്കാതിരിക്കാനുള്ള ഫിനർഗാൻ ആംപ്യൂളുകൾ, സ്റ്റെർലിംഗ് വാട്ടർ, നിരവധി സിറിഞ്ചുകൾ എന്നിവയുമായാണ് ഓട്ടോയുമായി ഇറങ്ങുന്നത്. മയക്കുമരുന്ന് കച്ചവടത്തിൽ പ്രദേശവാസികളായ നിരവധി യുവാക്കളും കൗമാരക്കാരും സഹായികളായിരുന്നു.
Trending
- ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ്; ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു
- ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി; സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി.
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും
- 16-ാം വയസ് മുതൽ പീഡനം; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ
- സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു
- കായികതാരമായ പെണ്കുട്ടിക്ക് പീഡനം: വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
- വിക്കറ്റ് കീപ്പറായി സഞ്ജു, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു