
മനാമ: ചരിത്ര നഗരത്തെ ഊര്‍ജ്ജസ്വലമായ സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിക്കൊണ്ട് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) സംഘടിപ്പിച്ച ‘മുഹറഖ് നൈറ്റ്സ്’ ഉത്സവത്തിന്റെ മൂന്നാം പതിപ്പ് സമാപിച്ചു. ഡിസംബറിലുടനീളം നടന്ന ഈ പരിപാടി മുഹറഖിന്റെ സമ്പന്നമായ പൈതൃകവും ആധുനിക ചൈതന്യവും ആഘോഷിക്കുകയും ഒരു പ്രാദേശിക സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അതിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്തു.
യുനെസ്കോയുടെ പട്ടികയില്‍ ഇടംപിടിച്ച മുത്തുവാരല്‍ പാതയില്‍ നടന്ന ഈ ഉത്സവം, ബഹ്റൈന്റെ ദേശീയ ദിനം, രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ 25ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചാണ് നടന്നത്.
മുഹറഖിനെ ആഗോള സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ മഹത്വത്തിന്റെ വീക്ഷണവുമായി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ ക്രമീകരണത്തെ ബി.എസി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അഭിന്ദിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ പൈതൃകം സംരക്ഷിക്കാനും നൂതനമായ സംരംഭങ്ങളിലൂടെ ആകര്‍ഷണം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കലകള്‍, സംഗീതം, രൂപകല്പന, കരകൗശല വസ്തുക്കള്‍ എന്നിവകൊണ്ട് കമനീയമായ ഫെസ്റ്റിവല്‍ ദിനംപ്രതി ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഗൈഡഡ് ടൂറുകളും ഘോഷയാത്രകളും കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടന്നു. പരിപാടിയില്‍ 190ലധികം സംഗീത പരിപാടികള്‍, പരമ്പരാഗത നാടോടി കലാപ്രകടനങ്ങള്‍, നഗരത്തിന്റെ സൃഷ്ടിപരമായ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
