മനാമ: ജലസുരക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിനും മുങ്ങിമരണം തടയുന്നതിനും നീന്തല്‍ പരിശീലനം നല്കുന്നതിനുമായി ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയവും ജലസുരക്ഷ, മുങ്ങിമരണ പ്രതിരോധ സംഘടനയായ റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു.
വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റുമായ ശൈഖ നൈല ബിന്ത് ഹമദ് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഈ സഹകരണം വലിയൊരു വിഭാഗം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ജീവന് രക്ഷിക്കുന്നതിനും കുട്ടികളെ മുങ്ങിമരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള സംഘടനയുടെ മാനുഷികമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഈ സംരംഭം വരും ഘട്ടത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുങ്ങിമരിക്കാനുള്ള ഏറ്റവും സാധ്യതയുള്ള വിഭാഗം വിദ്യാര്‍ത്ഥികളാണെന്ന് ശൈഖ നൈല ബിന്ത് ഹമദ് പറഞ്ഞു. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിലും നീന്തല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.