ഡെപോക്ക്: ലുലു ഹൈപ്പർമാർക്കറ്റിന്റെ 192 മത് ശാഖ ഇന്തോനേഷ്യയിൽ ആരംഭിച്ചു. ഡെപ്പോക് വെസ്റ്റ് ജാവയിലെ പാർക്ക് സവങ്കൻ എന്ന പുതിയ ഷോപ്പിംഗ് സെന്ററിലാണ് നാലാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്. 6,200 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ലുലു ഹൈപ്പർമാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇൻഡോനേഷ്യൻ സാമ്പത്തിക, സംരംഭകത്വ, സഹകരണ വകുപ്പ് ഉപമന്ത്രി ഡോ. റൂഡി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങിൽ ഇൻഡോനേഷ്യയിലെ യുഎഇ അംബാസിഡർ അബ്ദുല്ല അൽ ധഹേരി , ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത്ത് , യുഎഇയിലെ ഇന്തോനേഷ്യൻ അംബാസഡർ ഹുസിൻ ബാഗിസ് എന്നിവർ വീഡിയോ കോഫറൻസിലൂടെ പങ്കെടുത്തു. ഇന്തോനേഷ്യൻ ഗവൺമെൻറ്, ലുലു ഗ്രൂപ്പ് എന്നിവയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
അടുത്ത 5 വർഷത്തിനുള്ളിൽ കുറഞ്ഞത് 15 പുതിയ ഹൈപ്പർമാർക്കറ്റുകളെങ്കിലും 500 മില്യൺ ഡോളർ മുതൽമുടക്കിൽ അത്യാധുനിക ലോജിസ്റ്റിക് സെന്ററിനൊപ്പം തുറക്കാൻ ഉദ്ദേശിക്കുന്നതായി ലുലു ഹൈപ്പർമാർക്കറ്റ് വെളിപ്പെടുത്തി. ഈ വര്ഷം അവസാനത്തോടെ 2 ഹൈപ്പർ മാർക്കറ്റുകൾ കൂടി ഇന്തോനേഷ്യയിൽ ആരംഭിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.