തിരുവനന്തപുരം: ചിറയിൻകീഴ് തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. അഴൂർ സ്വദേശി പ്രദീഷാണ് (39) പിടിയിലായത്. 31.700 ലിറ്റർ വാറ്റുചാരായവും 250 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
തീരദേശ മേഖല ലക്ഷ്യം വച്ചു രാത്രി കാലങ്ങളിൽ അഴൂർ കായൽ പുറമ്പോക്കിൽ കഞ്ചാവും മറ്റു മയക്കുമരുന്നുകളും എത്തിക്കുന്നുവെന്നും ചാരായം വാറ്റി വിൽപ്പന നടത്തുന്നുവെന്നും എക്സൈസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഈ പ്രദേശത്ത് ചിറയിൻകീഴ് എക്സൈസ് സംഘം കുറച്ചു ദിവസം ആയി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം ചിറയിൻകീഴ് എക്സൈസ് കഞ്ചാവ് ചെടിയും കണ്ടെടുത്തിരുന്നു.
എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ ഷിബുകുമാർ, കെ ആർ രാജേഷ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഹാഷിം, ദേവിപ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ അജിത് കുമാർ, വൈശാഖ്, അജാസ്, ശരത്ബാബു, റിയാസ്, ശരത് വനിതാ സിവിൽ എക്സൈസ് ഓഫീസർ രാരി, സ്മിത ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.