കൊച്ചി: ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണ് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ. ഹോട്ടലിൽ പല സുഹൃത്തുക്കളുണ്ടായിരുന്നു. അവിടെ ഇങ്ങനെ ഒരാളുണ്ടെന്ന് അറിയില്ലായിരുന്നു. പല ചോദ്യങ്ങളും പൊലീസ് ചോദിച്ചു. ഓം പ്രകാശിനെ അറിയില്ല. വാർത്ത വന്ന ശേഷം ഗൂഗിൾ ചെയ്താണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. പലയിടത്തും പോകുമ്പോൾ പലരെയും കാണും. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ പറഞ്ഞു.
ഹോട്ടലിൽ ലഹരി പാർട്ടി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ചില ചോദ്യങ്ങൾ പൊലീസ് ചോദിക്കുമ്പോൾ മാത്രം ഉത്തരം പറയേണ്ടതാണെന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. എല്ലാ ചോദ്യത്തിനും ഉത്തരം മാധ്യമങ്ങളോട് പറയേണ്ടതില്ല. പൊലീസിനു നൽകിയ ഉത്തരങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. വാർത്ത വന്ന ശേഷം രണ്ട് ഫോണുകളും അടിക്കാൻ തുടങ്ങിയിട്ട് നിന്നിട്ടില്ല. തനിക്കെതിരെ വന്ന വാർത്തകളൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രയാഗ പറഞ്ഞു.
ബിനു ജോസഫിനെ പരിചയമുണ്ടോ എന്ന ചോദ്യത്തിന് എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരം തരാൻ പറ്റില്ലന്നും പ്രയാഗ പറഞ്ഞു. സുഹൃത്തുക്കൾ ലഹരി പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ പ്രയാഗ തയാറായില്ല.