തിരുവനന്തപുരം: ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിവി അൻവർ എംഎൽഎ. ‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും’ എന്ന പരാമർശം ബോധപൂർവം ആയിരുന്നില്ലെന്നും ഇതിൽ മാപ്പ് ചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് അൻവറിൻ്റെ മാപ്പു പറച്ചിൽ.
‘മുഖ്യമന്ത്രിയുടെ അപ്പൻ്റെ അപ്പൻ എന്ന അർത്ഥത്തിലല്ല, എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ സ്റ്റേറ്റ്മെന്റിനെതിരെ എത് വലിയ ഉന്നതാരായാലും മറുപടി പറയുമെന്ന നിലയിലാണ് അങ്ങനെ പറഞ്ഞത്. വാക്കുകൾ അങ്ങനെയായിപ്പോയതിൽ അങ്ങേയറ്റം ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയാണ്’. തൻ്റെ വാക്കുകൾ ആരും ദയവായി ആ അർത്ഥത്തിൽ എടുക്കരുതെന്നും അൻവർ പറഞ്ഞു.
നിയമസഭയിലേക്ക് വരുമ്പോഴാണ് പിവി അൻവർ ഖേദം പ്രകടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ അൻവറിൻ്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമായിരുന്നു. രാഷ്ട്രീയമായി വിമർശനം ഉന്നയിക്കുമ്പോഴും ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നത് അതിരുവിട്ടതാണെന്നാണ് വിമർശനം. വിമർശനം ശക്തമായതോടെ അൻവർ നിലപാട് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി അൻവർ അറിയിച്ചു.