
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ഫെഡറേഷനും അറബ് ലോകവും തമ്മില്‍ ഒരു സ്ഥിരം വനിതാ സംവാദ ഫോറം സ്ഥാപിക്കണമെന്ന് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ രണ്ടാം ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഡോ. ജഹാദ് അബ്ദുല്ല അല്‍ ഫദേല്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന യൂറോ-ഏഷ്യന്‍ വനിതാ പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് അനുഭവങ്ങള്‍ കൈമാറാനും സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെ ഒരു ഫോറം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
സര്‍ക്കാര്‍, പാര്‍ലമെന്ററി, സ്വകാര്യ, അക്കാദമിക് സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് കാര്‍ഷിക, പാരിസ്ഥിതിക നവീകരണത്തിനായി ഒരു ഫണ്ട് രൂപീകരിക്കുകയും വേണം. പരിസ്ഥിതി സൗഹൃദ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ കേന്ദ്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുള്‍പ്പെടെ പരിസ്ഥിതി സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്ന നൂതന പദ്ധതികള്‍ക്ക് ഈ ഫണ്ട് വഴി ധനസഹായവും പിന്തുണയും നല്‍കാം. പ്രകൃതിവിഭവ ഉപയോഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍മിത ബുദ്ധിയും ബിഗ് ഡാറ്റയും ഉപയോഗിക്കണമെന്നും അവര്‍ പറഞ്ഞു.
