മനാമ: ബഹ്റൈനില്‍ ഹൗസിംഗ് യൂണിറ്റ് സേവനത്തിന് അപേക്ഷിക്കുന്നവരുടെ പ്രതിമാസ വരുമാനം കണക്കാക്കുന്നതിനുള്ള മാനദണ്ഡം ഉള്‍പ്പെടെ, ഭവന അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയം സ്ഥിരീകരിച്ചു.
അപേക്ഷകര്‍ക്ക് നിശ്ചയിച്ച പരമാവധി വരുമാനം അപേക്ഷിക്കുന്ന സമയത്ത് 900 ദിനാറും അനുവദിക്കുന്ന സമയത്ത് 1,200 ദിനാറും ആണ്. ഇത് ഒരു മാറ്റവും കൂടാതെ പ്രാബല്യത്തില്‍ തുടരും.
ഹൗസിംഗ് യൂണിറ്റുകള്‍ക്കുള്ള നോമിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഹൗസിംഗ് അപേക്ഷാ മാനദണ്ഡങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള സംവിധാനവുമായി ബന്ധപ്പെട്ടതാണ് 2024ലെ തീരുമാനം. ഭവന സംവിധാനവുമായി ബന്ധപ്പെട്ട 2015ലെ തീരുമാനത്തിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്യുന്നതെന്നും മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കായി അപേക്ഷിക്കുന്ന പൗരര്‍ക്ക് ഹോട്ട്ലൈന്‍ 80008001ല്‍ ബന്ധപ്പെടാം. കൂടാതെ നാഷണല്‍ കംപ്ലയിന്റ്സ് ആന്റ് സജഷന്‍സ് സിസ്റ്റം (തവാസുല്‍) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴിയും ബന്ധപ്പെടാം.