മനാമ: പുതിയ അധ്യയന വർഷം സ്കൂളുകൾ അടുത്തയാഴ്ച തുറക്കാനിരിക്കെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഗതാഗത നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് അവബോധം നൽകുകയാണ് ട്രാഫിക് ഡയറക്ടറേറ്റ് ടീം. ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കുമായി നിരവധി ക്ലാസുകൾ ഇതുവരെ നൽകിക്കഴിഞ്ഞു. അതോടൊപ്പമാണ് വിദ്യാർഥികൾ ധാരാളമായി എത്തുന്നയിടങ്ങളിലെ കാമ്പയിൻ.
ദാനമാളിൽ നടന്ന ലുലു ബാക്ക് ടു സ്കൂൾ കാർണിവൽ ഉദ്ഘാടനച്ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ട്രാഫിക് അവയർനെസ്സ് ഡിപ്പാർട്ട്മെന്റ് മേധാവി മേജർ ഖാലിദ് മുബാറക്ക് ബുഖായിസിന്റെ നേതൃത്വത്തിലുള്ള ടീമാണ് കാമ്പയിനായി എത്തിയത്. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയാണ് കാർണിവൽ ഉദ്ഘാടനം ചെയ്തത്. ലളിതമായ ഭാഷയിൽ ചിത്രസഹായത്തോടെയുള്ള ഗതാഗത നിയമങ്ങളുടെ വിവരണങ്ങൾ കുട്ടികളെ ആകർഷിച്ചു.