പാലക്കാട്: അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ 16ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിന് സമീപത്തു വെച്ചായിരുന്നു ഇത്. ഒഡീസ സ്വദേശിയായ ടുഫാൻ ടുടു എന്നയാളെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇത് കാര്യമാക്കാതെ പോകാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിൽ കരുതിയ കത്തി കൊണ്ട് ടൂഫാനെ ശരീരമാസകലം വരയുകയും വയറ്റിൽ കുത്തി ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ ടൂഫാൻ ട്രെയിനിന് അടിയിലൂടെ ഓടി രക്ഷപ്പെട്ട് പാലക്കാട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരുടെ അടുക്കൽ ചെന്ന് വിവരം പറയുകയായിരുന്നു. തുടര്ന്ന് റെയിൽവേ പോലീസ് ടൂഫാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പ്രതിയെ മുൻപരിചയം പോലും ഇല്ലാത്തതിനാൽ വിവരങ്ങൾ നൽകാൻ ടൂഫാന് കഴിഞ്ഞിരുന്നില്ല, സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാലും സ്ഥലത്തും,പരിസരങ്ങളിലും സിസിടിവി അഭാവമുള്ളതിനാലും കേസിലെ പ്രതിയെ കണ്ടെത്തുന്നത് ദുഷ്കരമായിരുന്നു. പരാതിക്കാരനായ ടൂഫാൻ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഇയാൾ നിന്നു ലഭിച്ച ഏക തെളിവ് പരാതിക്കാരന്റെ കയ്യിലുള്ള നീല പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നു.
ഈ തെളിവ് കേന്ദ്രീകരിച്ച് പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും, ടൂഫാനും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്. പ്രതിയുടെ ഏകദേശം രൂപം മനസിലാക്കി ഒലവക്കോട് പരിസരങ്ങളിൽ ഈ രൂപസാദൃശ്യമുള്ള ആളുകളെ കുറിച്ച് അന്വേഷിച്ചു. പ്രതിയുടെ പേര് യൂനസ് എന്ന വിവരം മാത്രം ലഭിച്ചു. കൂടുതൽ അന്വേഷണം നടത്തി പ്രതി മുൻ കുറ്റവാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി ഇസ യൂനസ് എന്നയാളാണെന്ന് തിരിച്ചറിയുകയായിരുന്നു.
സംഭവത്തിനു ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ അന്വേഷിച്ച് പാലക്കാട് ടൗൺ നോർത്ത് പൊലീസ് തമിഴ്നാട് ഭാഗത്ത് ദിവസങ്ങളോളം തമ്പടിച്ച് അന്വേഷണം നടത്തി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് പ്രതിയെ പിടികൂടി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ആറിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എഎസ്പി അശ്വതി ജിജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.