കോഴിക്കോട്: കുതിരവട്ടം മാനിസകാരോഗ്യ കേന്ദ്രത്തിലെ വനിതാ നഴ്സിന് അന്തേവാസിയില്‍ നിന്ന് ക്രൂര മര്‍ദ്ദനം. പുരുഷ രോഗിയുടെ ആക്രമണത്തില്‍ ജീവനക്കാരിയുടെ കൈക്ക് പൊട്ടലും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാര്യമായി പരിക്കേറ്റ വനിതാ നഴ്സിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഏഴാം വാര്‍ഡിലാണ് സംഭവം.
രോഗി അക്രമസ്വഭാവം കാണിച്ചതോടെയാണ് മരുന്നും കുത്തിവയ്പ്പും നല്‍കുന്നതിനായി ജീവനക്കാരി എത്തിയത്. മരുന്ന് നല്കി കുത്തിവയ്പ്പും എടുത്ത ശേഷം മടങ്ങിയപ്പോള്‍ അലറി വിളിച്ച രോഗി നഴ്സിനെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ നഴ്സിന്റെ കൈ സമീപത്തെ ഭിത്തിയോട് ചേര്‍ന്നുള്ള ഇരുമ്പ് ഗ്രില്ലില്‍ ഇടിക്കുകയും പൊട്ടലുണ്ടാകുകയുമായിരുന്നു. ഇതേ ഗ്രില്ലില്‍ ഇടിച്ചാണ് മുഖത്തും മുറിവുണ്ടായത്.
നഴ്സിന്റെ കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റിയാണ് മാനസികരോഗി അക്രമം കാണിച്ചത്. നഴ്സിന്റെ മുറിവില്‍ ആറോളം തുന്നലുണ്ട്. ഈ സംഭവത്തില്‍ പ്രതിഷേധവുമായി കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് രംഗത്തുവന്നു. നഴിസിംഗ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ആശുപത്രി അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. പ്രജിത്ത്, പ്രസിഡന്റ് സ്മിത എന്നിവര്‍ ആവശ്യപ്പെട്ടു. അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
നിലവില്‍ 20 സുരക്ഷാ ജീവനക്കാരുടെ കുറവ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലുണ്ട്. നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിക്കണമെന്ന് നഴ്സിംഗ് അസോസിയേഷന് ആവശ്യപ്പെട്ടു.