കൊച്ചി: സ്മാർട്ട് വാച്ചിന്റെ നിറം മാറി നൽകിയ സംഭവത്തിൽ ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ്, ബെംഗളൂരുവിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ നൽകിയ പരാതിയിലാണ് ഉത്തരവ്.
കറുത്ത സ്മാർട്ട് വാച്ച് ഓൺലൈനിൽ ഓർഡർ ചെയ്ത് പണമടച്ചെങ്കിലും പരാതിക്കാരന് ലഭിച്ചത് പിങ്ക് നിറത്തിലുള്ള വാച്ചാണ്.
ബോക്സ് തുറക്കുന്നതിന്റെ വീഡിയോ സഹിതം എതിർകക്ഷിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
വില്പന വർധിപ്പിക്കുന്നതിനും അമിത ലാഭത്തിനും വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നത് സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും മെംബർമാരായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുപതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതിച്ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് നിർദേശം.