തിരുവനന്തപുരം: ഭക്ഷ്യസംസ്കരണ മേഖലയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് നവീന സാങ്കേതിക വിദ്യ സ്വീകരിക്കണമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. ഇത് സാധ്യമാക്കുന്നതിന് നിക്ഷേപകരും സര്‍ക്കാരും വ്യവസായ- അക്കാദമിക് രംഗത്തുള്ളവരും തമ്മിലുള്ള കാര്യക്ഷമമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ചെന്നൈയില്‍ നടക്കുന്ന ‘ഫുഡ്പ്രോ 2024’ അന്താരാഷ്ട്ര സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും 15 ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസംസ്കരണ മേഖലയില്‍ ബ്ലോക്ക് ചെയിന്‍, ഓട്ടോമേഷന്‍, തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ കേരളം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തിന് സാധിച്ചു.
ഈ മേഖലയില്‍ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തിയുള്ള അനേകം മികച്ച പദ്ധതികള്‍ കേരളം നടപ്പാക്കിയിട്ടുണ്ട്. കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്സിലും സ്മാര്‍ട്ട് പാക്കേജിംഗിലുമുള്ള നവീന സംരംഭങ്ങള്‍ ഇതിന് മാതൃകകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വളര്‍ച്ച, നവീകരണം, സുസ്ഥിരത എന്നിവയിലൂന്നി പുത്തന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന ശക്തമായ ആവാസവ്യവസ്ഥ പടുത്തുയര്‍ത്തണം. ഇതിനായി ഭക്ഷ്യസംസ്കരണ മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് മുന്‍കൈ എടുക്കാന്‍ സംരംഭകരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ത്രിദിന പരിപാടിയില്‍ പങ്കെടുത്ത സംരംഭകര്‍ നവീന സാങ്കേതികവിദ്യകളും പുത്തന്‍ പ്രവണതകളും പരിചയപ്പെടുത്തുകയും മേഖലയിലെ അവസരങ്ങളെയും വെല്ലുവിളികളെയും പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു.
‘ഭക്ഷ്യവ്യവസായത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുക’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം എന്ന് പരാമര്‍ശിച്ച മന്ത്രി ഈ സുപ്രധാന മേഖലയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പറഞ്ഞു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ഈ മേഖലയ്ക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. ആവശ്യമായ നയങ്ങള്‍ രൂപീകരിച്ചും പിന്തുണ നല്‍കിയും സംസ്ഥാനം ഭക്ഷ്യസംസ്കരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഭക്ഷ്യ സംസ്കരണത്തില്‍ നവീകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളും സബ്സിഡികളും നടപ്പാക്കുന്നുണ്ട്. ഈ മേഖല നമ്മുടെ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സംസ്ഥാനത്തെ ഫുഡ് പാര്‍ക്കുകള്‍, ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇ കള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ മത്സരാധിഷ്ഠിതമായ ഭക്ഷ്യവ്യവസായത്തില്‍ സുസ്ഥിരത ഉറപ്പാക്കുന്നു.
കേരളത്തില്‍ സുസ്ഥിര സാങ്കേതികവിദ്യകളും രീതികളും പ്രോത്സാഹിപ്പിക്കുന്നതില്‍ തങ്ങള്‍ അതീവ ശ്രദ്ധാലുക്കളാണ്. പുനരുപയോഗ ഊര്‍ജ്ജം, മാലിന്യ സംസ്കരണം, ഭക്ഷ്യ സംസ്കരണ മേഖലയിലെ ജല സംരക്ഷണം എന്നിവയില്‍ പുലര്‍ത്തുന്ന കണിശത പരിസ്ഥിതിയോടുള്ള ആഭിമുഖ്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിശാലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും സമൃദ്ധിയിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രയാണത്തില്‍ പങ്കാളികളാകാനും നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും മന്ത്രി കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്തു.
വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, സിഐഐ സതേണ്‍ റീജിയന് ചെയര്‍പേഴ്സണ്‍ ഡോ. ആര് നന്ദിനി, സിഐഐ ഫുഡ്പ്രോ എക്സ്പോ- 2024 ചെയര്മാന് ബി ത്യാഗരാജന് തുടങ്ങിയവര്‍ സംസാരിച്ചു.