മനാമ: കപ്പൽ റീസൈക്ലിംഗ് വ്യവസായം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും സഹകരിക്കാൻ ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും എ.പി. മോളർ- മേഴ്സ്കുമായി ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പുവച്ചു.
ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ പ്രധാന പങ്കാളികളായ അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡ് കമ്പനി (എ.എസ്. ആർ.വൈ), ബഹ്റൈൻ സ്റ്റീൽ, എ.പി.എം. ടെർമിനൽസ് ബഹ്റൈൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
ബഹ്റൈനിലെ പങ്കാളികളായ കമ്പനികൾക്കിടയിൽ സുരക്ഷിതവും സുസ്ഥിരവുമായ കപ്പൽ പുനരുപയോഗത്തിൽ സംയുക്ത പ്രവർത്തനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് ധാരണാപത്രം ലക്ഷ്യമിടുന്നു. ഇത് രാജ്യത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സഹകരണമാണ്.
ധാരണാപത്രമനുസരിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും എ.എസ്. ആർ.വൈക്ക് സംഘാടന പിന്തുണ നൽകും. കമ്പനി വലിയ കപ്പലുകൾക്കായി ഡോക്കുകളും യാർഡുകളുമൊരുക്കും. എ.പി. മോളർ- മേഴ്സ്ക് പുനരുപയോഗത്തിനായി കപ്പലുകളെ ആകർഷിക്കുകയും പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു കൺസൾട്ടൻ്റായി അതിൻ്റെ വിദഗ്ദ്ധ സഹായം നൽകുകയും ചെയ്യും. പകരമായി പ്രാദേശിക, അന്തർദേശീയ വിപണികളിൽ വിതരണം ചെയ്യാൻ ബഹ്റൈൻ സ്റ്റീൽ റീസൈക്ലിംഗ് പ്രക്രിയയിൽനിന്ന് ഉരുക്ക് സ്വീകരിച്ചു പ്രോസസ്സ് ചെയ്യും.
പൊതു- സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ബഹ്റൈൻ്റെ സാമ്പത്തിക ദർശനം 2030ൻ്റെ തത്വങ്ങൾക്ക് അനുസൃതമായാണ് ധാരണാപത്രമെന്ന് ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി പറഞ്ഞു.
റീസൈക്കിൾ ചെയ്ത വസ്തുക്കളുടെ വിൽപ്പനയിൽനിന്നുള്ള പ്രാദേശിക വാണിജ്യ പ്രവർത്തനങ്ങൾ മുതലെടുത്ത് പ്രാദേശിക സാമ്പത്തിക വളർച്ചയുണ്ടാക്കാൻ കപ്പൽ പുനരുപയോഗ പദ്ധതി സഹായിക്കുമെന്നും അൽ കാബി പറഞ്ഞു.