ദുബായ്: പ്രമുഖ ഇന്ത്യൻ വ്യവസായി ഡോ. രാം ബുക്സാനി (83) ദുബായിൽ അന്തരിച്ചു. പുലർച്ചെ ഒരു മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. ദുബായിൽ സ്ഥിരതാമസമാക്കിയ ആദ്യകാല ഇന്ത്യക്കാരിലൊരാളാണ്. ഐ.ടി.എൽ. കോസ്മോസ് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്നു.
ആറു പതിറ്റാണ്ടിലേറെയായി ദുബായിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം 1959ൽ ഓഫീസ് അസിസ്റ്റൻ്റായാണ് തൊഴിൽ തുടങ്ങിയത്. ഐ.ടി.എൽ. കോസ്മോസ് ഗ്രൂപ്പിൻ്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 18 വയസ്സുള്ളപ്പോൾ കടൽ മാർഗമാണ് ദുബായിൽ വന്നിറങ്ങിയത്.
യു.എ.ഇയിലെ അറിയപ്പെടുന്ന ബിസിനസ് വ്യക്തിയാണ് ഡോ. ബുക്സാനി. ഇന്ത്യാ ക്ലബിൻ്റെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. ഇന്ത്യാ കബ്ബ് ചെയർമാൻ, റോട്ടറി ക്ലബ് ഓഫ് ജുമൈറയുടെ പ്രസിഡൻ്റ്, ഇന്ത്യൻ ഹൈസ്കൂൾ യർമാൻ എന്നീ പ്രദവികൾ വഹിച്ചു. പ്രധാന എൻ.ആർ.ഐ. സംഘടനയായ ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറത്തിൻ്റെ (യു.എ.ഇ) സ്ഥാപക ചെയർമാനായിരുന്നു.
അദ്ദേഹത്തിൻ്റെ ഗ്രൂപ്പിൻ്റെ ആദ്യ സംരംഗമായ കോസ്മോസിൻ്റെ ആദ്യ ഷോറൂം 1969ൽ ദെയ്റയിൽ തുറന്നു. പിന്നീട് ബുക്സാനിയുടെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടന്നു. അംബാസഡർ ഹോട്ടൽ, ഡെയ്റ, അസ്റ്റോറിയ ഹോട്ടലുകൾ എന്നിവയിൽ ഓഹരികൾ സ്വന്തമാക്കി. ഐ.ടി.എൽ. കോസ്മോസ് ഗ്രൂപ്പ് പിന്നീട് എഫ് ആൻഡ് ബി മേഖലയിലേക്ക് കടന്നുചെല്ലുകയും ക്വാളിറ്റി ഐസ്ക്രീം പുറത്തിറക്കുകയും ചെയ്തു.
ബുക്സാനി യുഎഇയിൽ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 1983ൽ സാമൂഹ്യ സേവനങ്ങൾക്കായി വിശ്വ സിന്ധി സമ്മേളനത്തിൽ (ലോക സിന്ധി സമ്മേളനം) അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി അന്തരിച്ച ജ്ഞാനി സെയിൽ സിങ്ങിൽ നിന്ന് അദ്ദേഹം ഷീൽഡ് ഓഫ് ഓണർ സ്വീകരിച്ചു. ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രകാരം യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിലൊരാളായി അദ്ദേഹം റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിലൊരാളായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.