തിരുവനന്തപുരം : കേരളത്തിലെ 50 ലക്ഷത്തോളം വരുന്ന തിയ്യരെ പ്രത്യേക സമുദായമായി സർക്കാർ രേഖകളിൽ രേഖപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിയ്യ മഹാസഭ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
എം.എൽ.എമാരായ ടി.ഐ. മധുസൂദനൻ, എം. രാജഗോപാൽ എന്നിവരോടൊപ്പം തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, സംസ്ഥാന സെക്രട്ടറി പ്രേമാനന്ദൻ നടുത്തൊടി, പി.സി. വിശ്വംഭരൻ പണിക്കർ തൃക്കരിപ്പൂർ, എം.ടി. പ്രകാശൻ കണ്ണൂർ, എം. പ്രമോദ് എന്നിവർ മുഖ്യമന്ത്രിയെ കണ്ട് തിയ്യ സമുദായത്തിന്റെ നിലവിലെ സ്ഥിതി വിവരിച്ചു. വിഷയം പഠിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യത്യസ്തമായ ചരിത്രവും സംസ്കാരവും സാമൂഹിക സ്വത്വവുമുള്ള തിയ്യ സമുദായം ഈഴവ സമുദായത്തിൽനിന്ന് വേറിട്ട അംഗീകാരവും പ്രാതിനിധ്യവും അർഹിക്കുന്നു.
തിയ്യർക്ക് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളുമുണ്ട്. തനതായ സാമൂഹികവും സാമ്പത്തികവുമായ അനുഭവങ്ങളാൽ തിയ്യരെ ഒ.ബി.സി. വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടും ഒരു ബന്ധവുമില്ലാത്ത ഈഴവരുടെ കീഴിൽ ഒന്നിച്ചുചേർത്തിരിക്കുന്നു. ഇതുകാരണം വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം എന്നിവയുൾപ്പെടെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിൽ തിയ്യരുടെ പ്രാതിനിധ്യം കുറയുന്നു.
കേരളത്തിന്റെ വടക്കൻ മേഖലയിൽ തിയ്യരും തെക്കൻ കേരളത്തിൽ ഈഴവരും കൂടുതലാണ്. ഇത് സംസ്കാരത്തെയും സ്വത്വത്തെയും ഈഴവരിൽനിന്ന് വ്യക്തമായി വേർതിരിക്കുന്നു, എന്നാൽ ഇതൊന്നും പരിഗണിക്കാതെ തിയ്യരെ ഈഴവരുമായി കൂട്ടിച്ചേർക്കുകയും ഈഴവരുടെ എട്ടാമത്തെ ഉപജാതിയായി ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
സംസ്ഥാന ഒ.ബി.സി. പട്ടികയിൽ തിയ്യരെ ഈഴവ സമുദായത്തിന്റെ ഉപജാതിയാക്കിയതിൽനിന്ന് വ്യത്യസ്തമായി തിയ്യരെ പ്രത്യേക ജാതിയായി അംഗീകരിക്കണമെന്നും സ്കൂൾ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, അടക്കമുളള ഔദ്യോഗിക രേഖകളിൽ ഈഴവരോടൊപ്പം തിയ്യരെ പരാമർശിക്കുന്നത് അവസാനിപ്പിക്കണമെന്നും തിയ്യരുടെ സ്വത്വത്തെ സംരക്ഷിക്കണമെന്നും സാമൂഹിക- സാമ്പത്തിക നിലവാരം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
തിയ്യരുടെ ജാതി സെൻസസ് നടത്തണമെന്നും ആവശ്യപ്പെട്ട് പിന്നോക്ക വിഭാഗ ക്ഷേമകാര്യ മന്ത്രി ഒ.കെ. കേളു, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കും തിയ്യ നിവേദനം നൽകിയതായും നേതാക്കൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, പ്രേമാനന്ദൻ നടുത്തൊടി, പി.സി. വിശ്വംഭരൻ പണിക്കർ എം. പ്രമോദ് എന്നിവർ പങ്കെടുത്തു.