ഹരാരെ: സിംബാബ്വെയിൽ നടന്ന പതിനഞ്ചാമത് ലോക മിലിട്ടറി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) സൈനിക ഗോൾഫ് ടീം സീനിയർ വിഭാഗത്തിനായുള്ള വ്യക്തിഗത മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ടീം മത്സരങ്ങളിൽ മൂന്നാം സ്ഥാനവും നേടി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 ടീമുകൾക്കെതിരെ മത്സരിച്ച ബി.ഡി.എഫിന് ഇത് പുതിയ റെക്കോർഡാണ്.
സീനിയർ വിഭാഗത്തിലെ വ്യക്തിഗത മത്സരങ്ങളിൽ ലോക മിലിട്ടറി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും നേടിയ സർജൻ്റ് സുൽത്താൻ അബ്ദുല്ല അൽ ഹകം ഒന്നാം സ്ഥാനവും ഫസ്റ്റ് വാറൻ്റ് ഓഫീസർ നാസർ യാക്കൂബ് സാലിഹ് രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടി. ഇതേ വിഭാഗത്തിൽ ബി.ഡി.എഫ്. ടീം മൂന്നാം സ്ഥാനവും ടീം തലത്തിൽ വെങ്കല മെഡലും നേടി.
കായിക മേഖലയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന പിന്തുണയുടെയും കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിലുള്ള ബി.ഡി.എഫിൻ്റെ പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് ബി.ഡി.എഫ്. കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു.