ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. പരീക്ഷയുടെ പവിത്രതയെ ബാധിച്ചു. അതിനാല്‍ എന്‍ടിഎ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഹ്സാനുദ്ദീന്‍ അമാനുള്ളയും വിക്രംനാഥും ഉള്‍പ്പെട്ട ബെഞ്ച് കേന്ദ്രസര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേട് നടന്നു എന്നാരോപിച്ചുള്ള ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. വലിയ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന ആരോപണത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മറുപടി തന്നേ മതിയാകൂ എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
അതേസമയം കൗണ്‍സലിങ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേസ് ജൂലൈ എട്ടിന് പരിഗണിക്കാനായി മാറ്റി. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള ക്രമക്കേടുകള്‍ നടന്നതിനാല്‍ പരീക്ഷ റദ്ദാക്കണമെന്നും, പേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.