ദോഹ: ഗാസ മുനമ്പിനു നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്നതിനെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) മന്ത്രിതല കൗൺസിൽ യോഗം അപലപിച്ചു. ഗാസ മുനമ്പിലെയും അതിൻ്റെ ചുറ്റുപാടുകളിലെയും നിലവിലെ സംഭവവികാസങ്ങളിൽ ഫലസ്തീൻ ജനതയ്ക്കൊപ്പം ജി.സി.സി. നിലകൊള്ളുന്നുവെന്ന് യോഗം വ്യക്തമാക്കി.
സ്ഥിരമായ വെടിനിർത്തലും ഇസ്രയേലി സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കലും ഉടനടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗാസയിലെ നിവാസികൾക്ക് എല്ലാ മാനുഷികവും ദുരിതാശ്വാസ സഹായങ്ങളും അടിസ്ഥാന ആവശ്യങ്ങളും സുരക്ഷിതമായ പ്രവേശനവും ഉറപ്പാക്കണം.
വെടിനിർത്തൽ പാലിക്കുന്നതിനും ഫലസ്തീൻ ജനതയ്ക്കെതിരായ വംശഹത്യ തടയുന്നതിനും ഇസ്രായേൽ സേനയെ നിർബന്ധിതമായി പിൻവലിപ്പിക്കുന്നതിനും ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെ ഏഴാം അധ്യായം പ്രകാരം ഒരു നിർബന്ധിത തീരുമാനം കൈക്കൊള്ളാൻ മന്ത്രിതല സമിതി യു.എൻ. സെക്യൂരിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടു. മാനുഷിക സഹായമെത്തിക്കാനും ഗാസ മുനമ്പിലെ ജീവിതം സാധാരണ നിലയിലാക്കാനും അറബ്- ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട മുൻ തീരുമാനങ്ങൾ നടപ്പിലാക്കാനും സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
വെടിനിർത്തൽ, ഗാസ മുനമ്പിൽനിന്ന് ഇസ്രായേലിൻ്റെ പിൻവാങ്ങൽ, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കൽ, കുടിയിറക്കപ്പെട്ടവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരൽ എന്നിവയുമായി ബന്ധപ്പെട്ട് മെയ് 31ന് അമേരിക്കൻ പ്രസിഡൻ്റ് നടത്തിയ പ്രസ്താവനയോട് അനുകൂലവും ഗൗരവതരവുമായ പ്രതികരണമുണ്ടാകണമെന്ന് മന്ത്രിതല സമിതി ആഹ്വാനം ചെയ്തു.
ദോഹയിൽ നടന്ന ജി.സി.സി. 160-ാമത് മന്ത്രിതല കൗൺസിൽ യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി അദ്ധ്യക്ഷത വഹിച്ചു.