തിരുവനന്തപുരം : നിയമസഭാ സെക്രട്ടറിയായി തിരുവനന്തപുരം ഗവ. ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എന്‍. കൃഷ്ണകുമാറിനെ നിയമിച്ചു.
ഐ.എം.ജി യിലെ മുന്‍ ഫാക്കല്‍റ്റി കൂടിയായ കൃഷ്ണകുമാര്‍ കോഴിക്കോട് ലോ കോളേജില്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
പാറശാലയില്‍ നടരാജപിള്ളയുടെയും മനോമണിയുടെയും മകനാണ്. ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്. കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി, എല്‍.എല്‍.എം ബിരുദങ്ങളും കുസാറ്റില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള കൃഷ്ണകുമാര്‍ ദീര്‍ഘകാലം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്ട്രേഷന് കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചു.
പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവാണ്. മികച്ച ഗവേഷകനുള്ള എന്‍.ആര്. മാധവമേനോന് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ ഷിജി നിയമവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയാണ്. അഡ്വ. മനു കൃഷ്ണ എസ്.കെ, ഐശ്വര്യ എസ്.കെ. എന്നിവര്‍ മക്കളാണ്.