കൊല്ലം: കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം. തിരഞ്ഞെടുപ്പ് വിജയവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകന് മർദനം എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. മരകഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തി സിപിഎം പ്രവർത്തകർ. കൊല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷനിലാണ് സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്റെ വിജയത്തിന് പിന്നാലെയാണ് സംഭവം. ആഘോഷത്തിനിടെ സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെതിരെ പരാതി നൽകാൻ യുഡിഎഫ് പ്രവർത്തകനായ ജിഷ്ണു പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.
പരാതി നൽകാനെത്തിയ ജിഷ്ണുവിനെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷന്റെ വളപ്പിലിട്ട് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നടന്ന വിജയാഘോഷത്തിനിടെയാണ് സിപിഎം പ്രവർത്തകർ ജിഷ്ണുവിനെ ആക്രമിച്ചത്. അക്രമികളിലൊരാളുടെ വീടിന്റെ പരിസരത്ത് വച്ച് ജിഷ്ണു പടക്കം പൊട്ടിച്ചതാണ് സിപിഎം പ്രവർത്തകരെ പ്രകോപിച്ചത്. തുടർന്ന് ജിഷ്ണുവുമായി ഇവർ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെയാണ് പരാതിയുമായി ജിഷ്ണു പൊലീസ് സ്റ്റേഷനിലെത്തിയത്.
പരാതി നൽകിയതറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ ജിഷ്ണുവിനെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ മൂന്ന് പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടയ്ക്കലിൽ പൊലീസ് സ്റ്റേഷനിൽ സിപിഎമ്മുകാർ ഗുണ്ടായിസം കാണിക്കുന്നത് ആദ്യമായിട്ടല്ല. നേരത്തെ സംഘർഷമുണ്ടായപ്പോൾ പൊലീസ് സ്റ്റേഷന്റെ ഗേറ്റ് ചങ്ങലയ്ക്കിട്ട് പൂട്ടിയതും വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പൊലീസുകാരെ മർദ്ദിച്ച സംഭവങ്ങളും നിരവധിയാണ്. ഈ സംഭവങ്ങളിൽ പതിവായി കേസുകളെടുക്കാറുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം ഇതിലൊന്നും പ്രതികളെ പിടികൂടാറില്ല.