ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ആര്.എസ്. നേതാവ് കെ. കവിതയ്ക്കെതിരേ അനുബന്ധ കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കവിത ഒന്‍പത് ഫോണുകള്‍ നശിപ്പിച്ചുവെന്നും തെളിവുകള്‍ ആ ഫോണുകളിലായിരുന്നെന്നും കുറ്റപത്രത്തില്‍ ഇ.ഡി. ചൂണ്ടിക്കാട്ടി. ആഡംബര ഹോട്ടലില്‍ പത്തുലക്ഷം രൂപ വാടകയുള്ള മുറി ബുക്ക് ചെയ്തിരുന്നുവെന്നും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
177 പേജുള്ള പുതിയ കുറ്റപത്രമാണ് ഇ.ഡി. തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ട് ഐ ഫോണ്‍ 13 മിനി, രണ്ട് ഐ ഫോണ്‍ 13, രണ്ട് ഐ ഫോണ്‍ 13 പ്രോ, രണ്ട് ഐ ഫോണ്‍ 14 പ്രോ തുടങ്ങി ഒന്‍പത് ഫോണുകള്‍ കവിത ഹാജരാക്കിയതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഫോണുകളിലെ ഡേറ്റകളെല്ലാം നശിപ്പിച്ച നിലയിലായിരുന്നു. എന്തെങ്കിലും ഡേറ്റകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കവിത കൃത്യമായി ഉത്തരം പറഞ്ഞിട്ടില്ലെന്നും ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ലൈസന്‍സ് കൈമാറ്റം വഴി ലഭിച്ച നൂറ് കോടി രൂപ അനധികൃതമായി ഗോവയിലേക്ക് കടത്തിയെന്നും ഡല്‍ഹി കോടതി സ്പെഷ്യല്‍ ജഡ്ജ് കാവേരി ബാവേജയ്ക്ക് മുന്‍പാകെ ഫയല്‍ ചെയ്ത അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഡല്‍ഹി കോടതി ജൂലായ് മൂന്നുവരെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
മദ്യ ലൈസന്‍സ് കൈമാറുന്നതിനായി നൂറ് കോടി രൂപ എ.എ.പിക്ക് നല്‍കുന്നത് സംബന്ധിച്ച് സൗത്ത്ഗ്രൂപ്പുമായി കവിത ഗൂഢാലോചന നടത്തിയിരുന്നു. മദ്യ വിതരണ മൊത്തക്കച്ചവട ലൈസന്‍സ് സ്വന്തമാക്കിയ ഇന്‍ഡോ സ്പിരിറ്റിന്റെ ഓഹരി ലഭിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നുണ്ട്. ഡല്‍ഹി മദ്യനയം റദ്ദാക്കുന്നത് വരെ, 12 ശതമാനം ലാഭവിഹിതം വഴി 192.8 കോടി രൂപയുടെ ലാഭം കവിത കൈപ്പറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കെ. കവിത, രാഗവ് മകുന്ത, എം.എസ്. റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എ.എ.പിയുടെ വിജയ് നായര്ക്ക്് 100 കോടി നല്‍കിയതെന്നാണ് ഇ.ഡി നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. കവിതയുടെ നീക്കങ്ങളെല്ലാം കേസില്‍ പ്രതിയായ അരുണ്‍ രാമചന്ദ്രനെ മുന്‍നിര്‍ത്തിയായിരുന്നു. ഇവരുടെ ഇന്‍ഡോ സ്പിരിറ്റ് കമ്പനിയില്‍ 65 ശതമാനം ഓഹരി പങ്കാളിത്തം കവിതയ്ക്കുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
100 കോടി കോഴ നല്കിയ സൗത്ത് ഗ്രൂപ്പിന് മദ്യവിതരണത്തിനുള്ള മൊത്തവ്യാപാര അനുമതിയും ഒട്ടേറെ റീട്ടെയില്‍ സോണുകളും അനുവദിച്ചുകിട്ടി എന്നും ഇ.ഡി. നേരത്തെ വ്യക്തമാക്കിയിരുന്നു.