ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍.
രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താന്‍ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്ക്കുന്നു. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ പറയാന്‍ താത്പര്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം. ഇപ്പോള്‍ ഒന്നും പറയില്ല. ഡി കെ ശിവകുമാര്‍ പറഞ്ഞു.
കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നായിരുന്നു ഡികെയുടെ ആരോപണം. കര്‍ണാടകയില്‍ വരാനിരിക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് ഡി കെ ശിവകുമാര്‍ മൃഗബലിയെ കുറിച്ച് പറഞ്ഞത്.
തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കര്‍ണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നില്‍. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏല്‍ക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാര്‍ പറഞ്ഞത്.
ശിവകുമാറിന്റെ ആരോപണം ദേവസ്വം മന്ത്രി തള്ളിയിരുന്നു. മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.