മുംബൈ: മുംബൈയിലെ ഘട്കോപറിൽ 36 ഫ്ലെമിംഗോ പക്ഷികളെ ചത്തനിലയിൽ കണ്ടെത്തി. ദുബൈയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനം ഇടിച്ചാണ് പക്ഷികള്‍ ചത്തത്. ഇടിയിൽ വിമാനത്തിന് കേടുപാടുണ്ടായെങ്കിലും സുരക്ഷിതമായി ഇറങ്ങി.
വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഇന്നലെയാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൂട്ടമായി പറക്കുകയായിരുന്ന പക്ഷികളെ വിമാനം ഇടിക്കുകയായിരുന്നു. 300ലധികം യാത്രക്കാരുമായി വന്ന ഇകെ-508 എന്ന വിമാനം രാത്രി 9.15 ഓടെ ലാൻഡ് ചെയ്തു. എന്നാൽ ദുബൈയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി.
ഘാട്കോപ്പർ പ്രദേശത്ത് പക്ഷികളെ ചത്ത നിലയിൽ കണ്ടത് പരിസരവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പക്ഷികളുടെ ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മരണ കാരണം സ്ഥിരീകരിക്കാൻ ഓട്ടോപ്സിക്ക് അയച്ചിട്ടുണ്ടെന്ന് റെസ്കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ സ്ഥാപകൻ പവൻ ശർമ്മ പറഞ്ഞു.