മനാമ: കേരളീയ വാദ്യകലകളുടെയും, കേരളീയ തനത് സംഗീതമായ സോപാനസംഗീതത്തിൻ്റെയും പഠനവും പ്രചാരണവും എന്ന ലക്ഷ്യത്തിൽ കഴിഞ്ഞ 15 വർഷക്കാലമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ സോപാനം വാദ്യകലാസംഘം പുതിയ ഒരു ചുവടുകൂടി വെയ്ക്കുകയാണ്. ലോകത്ത് ആദ്യമായി ഭാരതത്തിനു പുറത്ത് എറ്റവും വലിയ വാദ്യകലാ മഹോത്സവം “വാദ്യസംഗമം” സംഘടിപ്പിക്കുകയും, അഞ്ഞൂറിലധികം വാദ്യകലാകാരന്മാരെ പ്രവാസലോകത്ത് പരിശീലിപ്പിച്ചെടുക്കുകയും, ഭാരതം മുഴുവൻ മേളകലാ പ്രചരണം എന്ന ലക്ഷ്യത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ പോകുന്ന ഭാരത മേളപരിക്രമം മേളാർച്ചന യാത്ര തുടർന്ന് വരികയും, ഭാരതത്തിനു പുറത്തെ ഏറ്റവും വലിയ മേളകലാ കൂട്ടായ്മയുമായ സോപാനം വാദ്യകലാസംഘം “സോപാന സംഗീത പരിക്രമം” എന്ന പേരിൽ വിവിധ ക്ഷേത്രങ്ങളിലൂടെ സോപാന സംഗീതാർച്ചന യാത്രക്ക് ഒരുങ്ങുകയാണ്.
ചരിത്രത്തിൽ ആദ്യമായി സോപാനസംഗീതാർച്ചന യാത്ര “സോപാന സംഗീത പരിക്രമം” സംഘടിപ്പിക്കപ്പെടുമ്പോൾ, ബഹറിനിൽ സോപാന സംഗീതവും ഇടയ്ക്കയും അഭ്യസിച്ച് അരങ്ങേറിയ സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും ഉൾപ്പെടുന്ന 18 പേർ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ പൂർണ്ണത്രയീശ ക്ഷേത്രം വരെയുള്ള കേരളത്തിലെ പ്രശസ്തമായ 10 ക്ഷേത്രങ്ങളിലൂടെ സോപാന സംഗീത പരിക്രമം നടത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. പ്രവാസ ലോകത്ത് വാദ്യകലയും സോപാനസംഗീതവും അഭ്യസിക്കുന്ന പ്രവാസികളായ ഒരു സംഘം നടത്തുന്ന സോപാന സംഗീത പരിക്രമത്തിനു ബഹറിൻ സോപാനം ഗുരു മേളകലാരത്നം സന്തോഷ് കൈലാസ് നേതൃത്വം നൽകും.
ഭാരതമേളപരിക്രമം, മേളാർച്ചനായാത്ര കേരളം, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി 51 ൽ പരം ദേവസങ്കേതങ്ങളിൽ കേരളീയ മേളകല അവതരിപ്പിച്ചു വരികയും, കോവിഡ് മഹാമാരിക്കാലത്ത് താത്കാലികമായി നിർത്തലാക്കിയ മേളപരിക്രമ യാത്ര ഈ വർഷം മുതൽ തുടരുകയും ചെയ്യും.
സോപാനസംഗീത ഗുരു സോപാന സംഗീതരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ മാർഗ്ഗോപദേശത്തിൽ
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ ആചാര്യവന്ദനത്തോടെ മേയ് 8 മുതൽ ആരംഭിക്കുന്ന സോപാന സംഗീതപരിക്രമം മേയ് 11 ന് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ സന്നിധിയിൽ താത്കാലികമായി അവസാനിക്കും. സോപാന സംഗീത പരിക്രമം കടന്നുപോകുന്ന ക്ഷേത്രങ്ങൾ ചുവടെ.
1. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
2. കുറ്റിയംകാവ് ഭഗവതി ക്ഷേത്രം
3. പാറമേക്കാവ് ശ്രീ ഭഗവതി ക്ഷേത്രം
4. തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം
5. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
6. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം
7. പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം
8. അവിട്ടത്തൂർ ശ്രീ മഹാദേവ ക്ഷേത്രം
9. ആറാട്ടുപുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം
10. തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം