മനാമ: 2024 ലെ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡിന് മഹർ ഫൗണ്ടേഷൻ സ്ഥാപകയും പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകയുമായ Sr. ലൂസി കുര്യനെ തെരഞ്ഞെടുത്തതായി സിംസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 11 നു ടുബ്ലി മര്മറിസ് ഹാളിൽ വച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബഹ്റിനിലെ ഇന്ത്യൻ സ്ഥാനപതി H.E. വിനോദ് കെ ജേക്കബ് മുഖ്യ അതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ഖലീൽ ധൈലാമി (ബാബ ഖലീൽ), സാമൂഹിക സാംസ്കാരിക മേഖലയിലെ മറ്റു പ്രമുഖരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.
1956-ൽ കണ്ണൂർ ജില്ലയിലെ കോളയാട് ജനിച്ച sr. ലൂസി കുര്യൻ, ഔപചാരിക വിദ്യാഭ്യാസത്തിന് ശേഷം, മുംബൈയിലേക്ക് താമസം മാറുകയും 1980-ൽ, സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് എന്ന സന്യാസി സമൂഹത്തിൽ ചേരുകയും ചെയ്തു. കുട്ടിക്കാലം മുതൽ നീതിക്കായുള്ള ശക്തമായ ആന്തരിക ആഗ്രഹം കൊണ്ടുനടന്ന Sr ലൂസി കുര്യൻ, 1989-ൽ HOPE (Human Organization for Pioneering in Education) എന്ന സംഘടനയിൽ ചേർന്നു. 1997-ൽ, അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായ സ്ത്രീകൾക്ക് സുരക്ഷിതമായ അഭയം നൽകുന്നതിനായി MAHER (MOTHER’S HOME) ഫൗണ്ടേഷൻ ഇന്ത്യയിലെ മഹാരാഷ്ട്രയിൽ, സ്ഥാപിച്ചു. മഹാരാഷ്ട്രയ്ക്കപ്പുറം കേരളം, ജാർഖണ്ഡ്, കൊൽക്കത്ത, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ MAHER FOUNDATION ഭവനങ്ങൾ സ്ഥാപിച്ചു. സ്ഥാപിതമായതുമുതൽ, മഹർ 5000-ലധികം കുട്ടികൾക്കും 5,900 സ്ത്രീകൾക്കും പരിചരണവും പാർപ്പിടവും നൽകിയിട്ടുണ്ട്.
സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 214-ലധികം ദേശീയ അന്തർദേശീയ അവാർഡുകളും അംഗീകാരങ്ങളും sr ലൂസി കുര്യനു ലഭിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് 2015-ൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ നാരി ശക്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്. OOOM മാഗസിൻ 2021 & 2023 വർഷങ്ങളിൽ ലോകത്തെ ഏറ്റവും പ്രചോദിപ്പിക്കുന്ന 100 ആളുകളിൽ ഒരാളായി sr ലൂസി കുര്യനെ തിരഞ്ഞെടുത്തു.
ജീവകാരുണ്ണ്യ മേഖലയിൽ ജീവിതം സമർപ്പിച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന് വേണ്ടിയാണ് 2012 മുതൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകിത്തുടങ്ങിയത്.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ Fr ഡേവിസ് ചിറമേൽ, ബഹ്റൈൻ ഡിസേബിൾഡ് സൊസൈറ്റി ചെയർമാനും രാജ കുടുംബാംഗവും ആയ ഷെയ്ഖ് ദുവൈജ് ഖലീഫ ബിൻ ദുവൈജ് അൽ ഖലീഫ, കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവജീവൻ ട്രസ്റ്റിൻറ്റെ സാരഥി പി യു തോമസ്, കെ എം സി സി യുടെ ബഹ്റൈൻ ഘടകം, Dr. എം എസ് സുനിൽ, പ്രമുഖ സാമൂഹിക പ്രവർത്തക ദയ ഭായി തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി ആദരിച്ചിട്ടുള്ളത്.
പത്രസമ്മേളനത്തിൽ സിംസ് പ്രസിഡൻറ്റ് ഷാജൻ സെബാസ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, വൈസ്പ്രസിഡന്റ് ജീവൻ ചാക്കോ, കോർ ഗ്രൂപ്പ് ചെയര്മാന് പോൾ ഉരുവത്, ഭരണസമിതി അംഗങ്ങളായ സിജോ ആന്റണി, രതീഷ് സെബാസ്റ്യൻ, മുൻ പ്രസിഡന്റ് ചാൾസ് ആലുക്ക മുൻ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബഹ്റൈൻ ഫൈനാൻസിങ് കമ്പനിയാണ് അവാർഡ് ഫങ്ക്ഷന്റെ മുഖ്യ പ്രായോജകർ.