വാഷിങ്ടൻ: ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്. യുഎസിലെ കൊളറാഡോയിലുള്ള ഡെവൻവർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 135 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം ഹൂസ്റ്റണിലേക്കു പറക്കുന്നതിനെയാണ് അപകടം. അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം 10,3000 അടി (3,140 മീറ്റർ) വരെ ഉയർന്നശേഷമാണ് തിരിച്ചിറക്കിയത്.
സംഭവത്തിൽ യാത്രക്കാർ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം തിരിച്ചിറക്കുന്നതിനിടെ കീറിപ്പോയ എൻജിൻ കവർ കാറ്റിൽ പറന്നുയരുന്നത് വിഡിയോയിൽ കാണാം. എൻജിൻ കവർ പൊട്ടിത്തെറിച്ചത് ബോംബ് പൊട്ടിയതു പോലെയാണ് ആദ്യം തോന്നിയതെന്ന് യാത്രക്കാർ മാധ്യമങ്ങളോടു പറഞ്ഞു. ചില യാത്രക്കാർ, ക്രൂം അംഗങ്ങളോട് കയർത്തതായും അവർ പറഞ്ഞു. ബോയിങ് വിമാനങ്ങൾ നിരന്തരമായി അപകടത്തിൽപെടുന്നതിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്.