കൊച്ചി: ഇടപ്പള്ളിയിലെ കാർ വാഷിംഗ് സെന്ററിൽവച്ച് ഹരിദാസ് (യഥാർത്ഥ പേരല്ല) പട്ടാളക്കാരന്റെ ലുക്കുള്ള കഥാനായകനെ പരിചയപ്പെട്ടു. സംഭാഷണം പെട്ടെന്നുതന്നെ മിലിട്ടറി ക്വാട്ടയിലേക്കെത്തി. തന്റെ പക്കൽ നാല് ബോട്ടിൽ ആന്റിക്വിറ്റി വിസ്കിയുണ്ടെന്നും നാലായിരംരൂപ മതിയെന്നും പറഞ്ഞപ്പോൾ ശിവദാസിന്റെ മനസിൽ ലഡുപൊട്ടി. വില പകുതിയേ വരൂ. പോരാത്തതിന് മിലിട്ടറി ക്വാട്ടയും.നേവൽബേസിന് സമീപത്തെ നേവൽ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കഠാരിബാഗിലെ കൂട്ടുകാരന്റെ വീട്ടിലാണ് ഇവയെന്നും പിറ്റേന്ന് രാവിലെ ഒരുമിച്ചുപോയി എടുക്കാമെന്നുമായിരുന്നു കഥാനായകന്റെ മറുപടി.
രാവിലെതന്നെ വിളിവന്നു. പാലാരിവട്ടത്തുവച്ച് സന്ധിച്ചു. പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ കഥാനായകൻ യമഹ ബൈക്കുവച്ച് ശിവദാസിനൊപ്പം തീവെയിലിൽ നേവൽബേസിലേക്ക് യാത്ര തുടങ്ങി.പട്ടാളക്കഥകളും കുടുംബവിശേഷങ്ങളും ചറപറാ വിളമ്പിയായിരുന്നു ആശാൻ പിന്നിലിരുന്നത്. കഠാരിബാഗിന് മുന്നിൽ വച്ച് അതിനുള്ളിലെ ഓഫീസിൽ ജോലിചെയ്യുന്ന ഭാര്യയ്ക്കെന്ന പേരിൽ ഓട്ടോറിക്ഷയും കഥാനായകൻ വിളിച്ച് അകത്തേക്കുവിട്ടു. ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ച് കൂട്ടുകാരന്റെ ക്വാർട്ടേഴ്സെന്ന് പറഞ്ഞ് ഒരു കെട്ടിടത്തിന് സമീപം ബൈക്ക് നിറുത്തിച്ച് 4000രൂപയും വാങ്ങി ആൾ അകത്തേക്ക് പോയി. കുറച്ചുകഴിഞ്ഞു ഫോൺവിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ്. അപ്പോഴാണ് പണിപാളിയെന്ന സംശയം തോന്നിയത്. ഹരിദാസ് ഉടനെ പാലാരിവട്ടത്തേക്ക് തിരിച്ചു. ബൈപ്പാസ് ജംഗ്ഷനിൽ പാർക്കുചെയ്ത കഥാനായകന്റെ ബൈക്കും അപ്രത്യക്ഷം. ട്രൂകോളർ ആപ്പിൽ ആളെ തിരിച്ചറിയാൻ വിളിച്ചപ്പോഴാണ് അടുത്തകോമഡി, സ്ക്രീനിൽ തെളിയുന്ന പേര് ‘താങ്ക്യൂ.”പണം പോയതിലല്ല, നാണംകെട്ട തട്ടിപ്പിൽപ്പെട്ട കാര്യമോർത്ത് മനസ് തകർന്നിരിക്കുമ്പോഴാണ് ഉറ്റ സുഹൃത്തിന്റെ ഉപദേശം. വിടരുതവനെ, പൊലീസിൽ പരാതിപ്പെടണം. ഫോൺനമ്പറും വണ്ടിനമ്പറും കൈയിലുണ്ടല്ലോ. പാതിമനസോടെ എളമക്കര പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അതിലും വലിയ കോമഡി. നാലായിരം രൂപയുടെ കേസുമായിവരാൻ നാണമില്ലേയെന്നായിരുന്നു വാതിൽക്കൽനിന്ന സിവിൽ പൊലീസുകാരന്റെ ചോദ്യം. അതും മദ്യത്തട്ടിപ്പിന്. ലക്ഷങ്ങളുടെ തട്ടിപ്പ് നോക്കാൻ നേരമില്ല, അപ്പോഴാണ് നാലായിരമെന്ന് അയാളുടെ ആത്മഗതവും. കുനിഞ്ഞ തലയുമായി ഹരിദാസ് വീട്ടിലേക്ക് മടങ്ങി.