കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ നിരുപാധികം മാപ്പു പറഞ്ഞു. ആലത്തൂർ പൊലീസ് സ്റ്റേഷനിലെ മുൻ എസ്ഐ വി.ആർ.റിനീഷാണ് ഇന്നലെ ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നൽകിയത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ താൻ കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ഉണ്ടായ ‘സംഭവ’ത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് തന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ചു െകാണ്ട് ഇന്ന് പുതിയ സത്യവാങ്മൂലം നൽകിയത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന ഡിജിപിക്ക് കോടതി വീണ്ടും നിർദേശം നൽകി.
കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമ്പോൾ എന്തു നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ചതെന്ന് അറിയിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. അന്വേഷണം നടന്നു വരികയാണെന്നാണ് ഡിജിപിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ ഡിജിപി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ എസ്ഐ വി.ആർ.റിനീഷ് അപമാനിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്ഐ റിനീഷ് അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തുടർന്നായിരുന്നു വിഷയത്തിൽ കോടതിയുെട ഇടപെടൽ. ജനങ്ങളോട് മോശമായി പെരുമാറരുെതന്ന് വ്യക്തമാക്കി കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ മാർഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാൾക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു. ഈ കേസിലാണ് എസ്ഐ റിനീഷ് മാപ്പു പറഞ്ഞത്.
ജനങ്ങളോട് മര്യാദക്ക് പെരുമാറണമെന്നത് അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ എന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചിരുന്നു. പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് ഡിജിപി ഇതിനിടെ പുതിയ സർക്കുലറും പുറത്തിറക്കിയിരുന്നു.