തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യം നിലനിൽക്കെ, സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമന്റെ വിചിത്ര ഉത്തരവ്. മാധ്യമങ്ങളെ ഔട്ട്ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നുമാണ് ഉത്തരവിൽ പറയുന്നത്. സബ്സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടി വില ഔട്ട്ലറ്റുകളില് പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സര്‍ക്കുലര്‍ എം.ഡി ഇറക്കിയത്.
വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ അനുമതിയില്ലാതെ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകൾ കൂടുതൽ മോശമാക്കുമെന്നതിനാൽ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങൾ നൽകരുത്. ഇക്കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാവും- ഉത്തരവിൽ പറയുന്നു.
അതേസമയം, സപ്ലൈകോയില്‍ 13 അവശ്യസാധനങ്ങൾ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇത് ദൃശ്യങ്ങളിലൂടെ പുറത്തുവരുന്നത് സപ്ലൈകോയ്ക്ക് ക്ഷീണംചെയ്യുമെന്ന വിലയിരുത്തലാണ് ഉത്തരവിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.