
കൊച്ചി: കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കഴിഞ്ഞ അഞ്ചുമാസമായി കളക്ടറേറ്റിലെ പല വകുപ്പുകളും വൈദ്യുതി ബില്ല് അടച്ചിട്ടില്ലായെന്നാണ് വിവരം. വിദ്യാഭ്യാസ വകുപ്പിന്റെതടക്കം കളക്ടറേറ്റിലെ മുപ്പതോളം ഓഫീസുകൾ നിലവിൽ വൈദ്യുതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഓഫീസുകളിൽ ഫാനോ ലൈറ്റോ പ്രവർത്തിക്കുന്നില്ല. മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയശേഷം ജോലി ചെയ്യുന്ന ജീവനക്കാരുടെ കാഴ്ചയും കാണാം. ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയതോടെയാണ് ഫ്യൂസ് ഊരിയതായി മനസ്സിലാകുന്നത്. നേരത്തെ ഇതുസംബന്ധിച്ച് കെഎസ്ഇബി നോട്ടീസ് നൽകിയിരുന്നുവെന്നാണ് വിവരം. അതേസമയം, കാര്യങ്ങൾ പരിശോധിക്കുകയാണെന്നാണ് കളക്ടർ പറയുന്നത്. പ്രശ്നപരിഹാരത്തിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്.


