ഹൈദരാബാദ്: സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ് സംഭവം. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ പ്രഹ്ളാദ് ഗുജ്ജര്‍ (38) ആണ് മരിച്ചത്. സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായാണ് ഇയാള്‍ കൂട്ടിലേക്ക് കയറിയതെന്നാണ് കരുതുന്നത്.
പൊതുജനങ്ങള്‍ക്ക് പോകാന്‍ അനുമതിയില്ലാത്ത ഭാഗത്തുകൂടിയാണ് ഇയാള്‍ കൂട്ടിലേക്ക് കയറിയത്. മൃഗശാലാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച യുവാവ് കൂടിന്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞുകയറിയാണ് കൂട്ടിലേക്ക് ചാടിക്കടന്നത്. ജീവനക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചാണോ മൃഗശാലയിലെത്തിയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ സാധിക്കൂ. പ്രഹ്ളാദ് ഗുജ്ജര്‍ ഒറ്റയ്ക്കാണ് മൃഗശാലയിലെത്തിയത്. ഇയാളുടെ കുടുംബവുമായി ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന് മൃഗശാലാ ക്യൂറേറ്റര്‍ സി. സെല്‍വം പറഞ്ഞു.
മൂന്ന് സിംഹങ്ങളാണ് തിരുപ്പതി മൃഗശാലയില്‍ ഉള്ളത്. ദുംഗാര്‍പുരിന് പുറമെ കുമാര്‍, സുന്ദരി എന്നിവയാണ് തിരുപ്പതി മൃഗശാലയിലെ മറ്റ് സിംഹങ്ങള്‍. സംഭവത്തിന് ശേഷം ദുംഗാര്‍പുരിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. സിംഹം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.