ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തും. കുടുംബത്തോടൊപ്പമാവും ഇരുവരും ക്ഷേത്രദര്‍ശനത്തിലെത്തുകയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.പ്രാണപ്രതിഷ്ഠാച്ചടങ്ങിന് അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും പിന്നീട് സന്ദര്‍ശിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. മാതാപിതാക്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോകാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രാണപ്രതിഷ്ഠാദിനത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പൂജാച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് അന്നദാനവും നഗരമെമ്പാടും മധുരവിതരണവും നടത്തി. ഡല്‍ഹിയില്‍ നടത്തിയ ശോഭായാത്രയിലും രാമായണത്തിലെ സുന്ദരകാണ്ഡപാരായണത്തിലും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം പങ്കെടുത്തിരുന്നു.