വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഗ്ന കർണാടക വനാതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചതായി വനംവകുപ്പ്. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി മണ്ണുണ്ടി കോളനി പരിസരത്താണ് നിലവിൽ ആനയുള്ളത്. ഇതോടെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആന കർണാടക അതിർത്തി കടന്നുകഴിഞ്ഞാൻ മയക്കുവെടി വയ്ക്കില്ലെന്നാണ് വനംവകുപ്പ് അറിയിച്ചത്.കർണാടക വനാതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ ആന കർണാടക ഉൾവനത്തിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. ആനയുടെ ശബ്ദം രാത്രി കേട്ടിരുന്നതായും പരിസരവാസികൾ പറയുന്നുണ്ട്. എന്നാൽ, ഇത് അജീഷിനെ ആക്രമിച്ച മോഴയാന തന്നെയാണോ എന്ന കാര്യം വ്യക്തമല്ല.ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂർ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതോടെ, ചേലൂർ ഭാഗത്ത് നാല് കുങ്കിയാനകളുമുണ്ടാകും. ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട് നീങ്ങുന്നുവെന്ന സൂചനയാണിത്. നിലവിൽ, ആന നിലയുറപ്പിച്ചുട്ടുള്ള കോളനി പ്രദേശത്തേക്ക് കൂടുതൽ വനവകുപ്പ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ആന കാടിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിവെച്ച് പിടികൂടിയാൽ ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും.


