തിരുവനന്തപുരം: റബ്ബർ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായി ഉണ്ടായതാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഉത്പാദന ചെലവിന്റെ വർധനവും വില തകർച്ചയും കാരണം റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മോൻസ് ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്രസർക്കാർ ഏർപ്പെട്ട കാർഷിക കരാറുകൾ റബ്ബർ കർഷകരെ പ്രതിസന്ധിയിലാക്കിയതായി മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാർ റബ്ബർ കർഷകർക്കായി നടപ്പിലാക്കിയ ഇൻസെന്റീവ് പദ്ധതി എൽഡിഎഫ് സർക്കാർ മുന്നോട്ടുകൊണ്ടുപോയി. 2021–22 സാമ്പത്തിക വർഷം റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 170 രൂപയായി ഉയർത്തി. താങ്ങുവില 250 രൂപയായി ഉയർത്തുന്നതിന് കേന്ദ്രത്തോട് സഹായം അഭ്യർഥിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തീരുവയില്ലാത്ത സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് സംസ്ഥാനം നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അനുകൂല നിലപാടല്ല കേന്ദ്രം സ്വീകരിച്ചത്. കേരളം നടപ്പിലാക്കിയ ഇൻസെന്റീവ് പദ്ധതിയാണ് കർഷകരെ മേഖലയിൽ തുടരാൻ സഹായിക്കുന്നത്. 170 രൂപ മതിയായ വിലയാണെന്ന് സർക്കാർ കരുതുന്നില്ല. കേന്ദ്രസഹായം ലഭിച്ചാലേ കൂടുതല് തുക നൽകാൻ കഴിയൂ. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തണമെന്ന് മോൻസ് ജോസഫ് പറഞ്ഞു. കേന്ദ്രസർക്കാർ നയങ്ങളാണ് റബ്ബർ മേഖലയെ തകർത്തത്. റബ്ബർ ബോർഡ് നോക്കുകുത്തിയായി. കേരളത്തിൽ 1035 ഹെക്ടർ സ്ഥലത്തെ റബ്ബർ വെട്ടിമാറ്റിയെന്നാണ് സർക്കാർ കണക്ക്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. റബ്ബർ റീ പ്ലാന്റ് ചെയ്യുന്നതിന് സംസ്ഥാനത്തെ കർഷകർക്ക് നൽകുന്നത് 25,000 രൂപയാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റബ്ബർ റീ പ്ലാന്റ് ചെയ്യുന്നതിനുള്ള സബ്സിഡി ഒന്നര ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. 13 ലക്ഷത്തോളം റബ്ബർ കർഷകരും അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലാണ്.
കേന്ദ്രത്തിന്റെ ഇറക്കുമതി നയമാണ് റബ്ബർ മേഖലയെ തകർത്തത്. കേന്ദ്ര സർക്കാരിന്റേത് നിഷേധാത്മക നയമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് എന്തു ചെയ്യാൻ കഴിയുമെന്ന് സർക്കാർ ചിന്തിക്കണം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സമയോചിതമായ ഇടപെടൽ നടത്തി റബ്ബർ വില സ്ഥിരതാ ഫണ്ട് കൊണ്ടുവന്ന് കിലോയ്ക്ക് 150 രൂപ വില നൽകി. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകുക മാത്രം ചെയ്യാതെ നടപടി സ്വീകരിക്കണമെന്നും മോൻസ് ജോസഫ് പറഞ്ഞു.