ചണ്ഡീഗഡ്: ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ ഷൂട്ടറെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാണയിലെ യമുനാനഗര്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് നിരവധി അക്രമങ്ങളില്‍ പ്രതിയായ അധോലോക സംഘാഗം രാജന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്ന മൃതദേഹത്തിന്റെ നിരവധി ഭാഗങ്ങള്‍ നഷ്ടമായ നിലയിലായിരുന്നു.
ലഡ്വ സ്വദേശിയായ രാജൻ കുടുംബവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. വിവാഹിതനായ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. രാജന്റെ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗ്യാങ്സ്റ്റർ ദേവീന്ദർ ബംബിഹ ഏറ്റെടുത്തു. ഗായകന് സിദ്ധു മൂസാവാലയുടെയും രജ്പുത് നേതാവ് സുഖ്ദേവ് സിങ് ഗോഗാമെഡിയുടെയും കൊലപാതകങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ബാംബിഹ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂസാവാല 2022-ലും ഗോഗാമെഡി 2023 ഡിസംബറിലുമായിരുന്നു വെടിയേറ്റ് മരിച്ചത്. ലോറന്‍സ് ബിഷ്ണോയിയുമായും ഗോള്‍ഡി ബ്രാറുമായും അടുത്ത ബന്ധമുള്ള രോഹിത് ഗൊദാരയായിരുന്നു ഈ രണ്ടുകേസിലും പ്രതി.