ന്യൂഡൽഹി: മാലദ്വീപ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് ദ്വീപ് രാഷ്ട്രത്തിന്റെ വികസനത്തെ ഹാനികരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപ് തുറമുഖത്ത് ചൈനീസ് കപ്പൽ തീരമണയുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന് തൊട്ടുപിറകേയാണ് മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികളായ മാൽദിവിയൻ ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സും രംഗത്തെത്തിയത്.
‘രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാകുന്ന ഏത് പങ്കാളിയെയും പ്രത്യേകിച്ച് രാജ്യവുമായി ദീർഘകാലമായി സംഖ്യത്തിലായിരുന്ന രാജ്യത്തെ അകറ്റുന്നത് രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് തുരങ്കം വെക്കുമെന്നാണ് എംഡിപിയും ഡെമോക്രാറ്റ്സും വിശ്വസിക്കുന്നത്.’ ഇന്ത്യയെ ദീർഘകാല സഖ്യരാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു.
മാലദ്വീപ് സർക്കാർ തുടർന്നുവന്നിരുന്നതുപോലെ എല്ലാ വികസന പങ്കാളികളുമായും സഹകരിക്കേണ്ടതുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷിതത്വും മാല ദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും പ്രധാനമാണെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. ഇതുപാർട്ടികളുടേയും നേതാക്കന്മാർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 87 അംഗങ്ങളുള്ള പാർലമെന്റിൽ 55 സീറ്റുകളാണ് രണ്ടുപാർട്ടികൾക്കും ചേർന്നുള്ളത്. ടൂറിസവുമായി ബന്ധപ്പെട്ട് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മൊയ്സു ൈചനയിൽ സന്ദർശനം നടത്തുകയും തുടർന്ന് മാലദ്വീപിൽ നിന്ന് മാർച്ച് അഞ്ചിനകം ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
ചൈനീസ് സർവേ കപ്പൽ മാല്വദ്വീപ് തുറമുഖത്ത് നങ്കൂരമിടുമെന്ന് ഈ ആഴ്ച ആദ്യമാണ് മാലദ്വീപ് പ്രഖ്യാപിച്ചത്. മാലദ്വീപിൽ യാതൊരുതരത്തിലുമുള്ള ഗവേഷണങ്ങൾക്ക് ഈ കപ്പൽ മുതിരില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ‘സൗഹൃദരാഷ്ട്രങ്ങളിലെ കപ്പലുകൾക്ക് മാലദ്വീപ് എന്നും സ്വാഗതമരുളാറുണ്ട്. സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടി വിളിക്കുന്ന യുദ്ധക്കപ്പലുകൾക്കും സാധാരണ കപ്പലുകൾക്കും മാലദ്വീപ് എന്നും ആതിഥേയത്വം വഹിക്കും.’ മാലദ്വീപിന്റെ ഈ പ്രസ്താവനയെ ബെയ്ജിങ്ങുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.