ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബിര്‍ഭും ജില്ലയില്‍ നടന്ന സംഘടനാ യോഗത്തിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകളെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാകണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
‘‘കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളെപ്പറ്റി ആലോചിക്കേണ്ടതില്ലെന്ന് പാര്‍ട്ടി അധ്യക്ഷ വ്യക്തമായി പറഞ്ഞു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാണ് പാര്‍ട്ടി വാഗ്ദാനം ചെയ്തത്. എന്നാല്‍ 10-12 സീറ്റാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്,’’ എന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സീറ്റ് വിഭജനത്തെച്ചൊല്ലി സംസ്ഥാന തലത്തില്‍ ഇന്ത്യ-സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ട പശ്ചാത്തലത്തിലാണ് തൃണമൂലിന്റെ ഈ നീക്കം. അതേസമയം പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കാലതാമസം വരുത്തിയതിന് കോണ്‍ഗ്രസിനെ മമത ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 10-12 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസ് വാദം നീതിയുക്തമല്ലെന്നും അവര്‍ പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് മണ്ഡലങ്ങള്‍ വിട്ടുനല്‍കാന്‍ തൃണമൂല്‍ തയ്യാറാണെന്നും മമത പറഞ്ഞിരുന്നു.
അതേസമയം വിഷയത്തില്‍ മമത ബാനര്‍ജിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി. മമത ഒരു അവസരവാദിയാണെന്നും അവരുടെ കാരുണ്യത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.