മനാമ: ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള രുചിവൈവിധ്യങ്ങൾ ഉൾപ്പെടുത്തി ലുലു ഹൈപ്പെർമാർക്കറ്റിൽ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ബഹ്റൈനിലെ വിവിധ ലുലു ഹൈപ്പെർമാർക്കറ്റുകളിൽ ആറു ആഴ്ചകളിൽ വാരാന്ത്യങ്ങളിൽ വൈകിട്ട് ആറു മണി മുതൽ 11 മണി വരെയാണ് മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ ഇന്ത്യൻ ഭക്ഷ്യമേളയോടെയാണ് ആദ്യഘട്ട ഭക്ഷ്യമേള ആരംഭിക്കുന്നത്. ഇന്ത്യൻ കറികൾ, കബാബുകൾ, ബിരിയാണി എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. കൂടാതെ, അതിഥികൾക്ക് തത്സമയ പാചക സ്റ്റേഷനുകളും മൂന്ന് ദിവസങ്ങളിലും ക്രൗൺ പ്ലാസ ഹോട്ടലിലെ സ്പൈസസ് റെസ്റ്റോറന്റിലെ ഷെഫ് പ്രമോദിന്റെ കുക്കറി ഡെമോയും ഒരുക്കും.
ഓഗസ്റ്റ് 20 മുതൽ 22 വരെ തായ് വിഭവങ്ങളും ഓഗസ്റ്റ് 27 മുതൽ 29 വരെ പരമ്പരാഗത ബഹ്റൈൻ വിഭവങ്ങളും പരിചയപ്പെടുത്തും. സെപ്റ്റംബർ 3 മുതൽ 5 വരെ ഇറ്റാലിയൻ വിഭവങ്ങളായ പാസ്ത, പിസ്സ, ചീസ് എന്നിവയും സെപ്റ്റംബർ 10 മുതൽ 12 വരെ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ വിഭവങ്ങളും സെപ്റ്റംബർ 17മുതൽ 19 വരെ ചൈന, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിഭവങ്ങളും ഒരുക്കും.