തൃശ്ശൂര്‍∙ ‘മോദി ഗ്യാരന്റി’ യില്‍ ഊന്നി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് മോദി തൃശൂരിൽ തിരഞ്ഞെപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിച്ചത്.
എല്ലാം സാധ്യമായത് മോദിയുടെ ഗ്യാരന്റിയിലാണെന്ന് മോദി മലയാളത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. 18 തവണയാണ് ‘മോദിയുടെ ഗ്യാരന്റി’യെന്ന് പ്രസംഗത്തില്‍ മോദി ആവർത്തിച്ചത്. ചടങ്ങിനെത്തിയവരെക്കൊണ്ടും മോദിയുടെ ഗ്യാരന്റിയെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം വിളിപ്പിച്ചു. ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിനു വിവിധ പദ്ധതികള്‍ നടപ്പാക്കി. പത്ത് ലക്ഷം ഉജ്ജ്വല കണക്ഷനുകള്‍ നല്കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് കുടിവെള്ളം നല്കി. 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്കി. ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്കുന്ന പദ്ധതി ആരംഭിച്ചു. കേരളത്തിലെ 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. 30 കോടിയിലധികം മഹിളാ ഉപയോക്താക്കള്‍ക്ക് മുദ്ര വായ്പകള്‍ നല്കി. ഗര്‍ഭിണികള്‍ക്കുള്ള പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു. സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സാധ്യമാക്കി. ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സംവരണം ഏർപ്പെടുത്തി, എന്നിങ്ങനെ ഓരോ പദ്ധതിയെക്കുറിച്ചും എണ്ണിയെണ്ണിപ്പറഞ്ഞു. ഓരോ പദ്ധതിയെക്കുറിച്ച് പറഞ്ഞ ശേഷവും ‘മോദിയുടെ ഗ്യാരന്റി’യാലാണ് ഇതെല്ലാം നടന്നത് എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.