കണ്ണൂർ: ബിഷപ്പുമാർക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമീപകാലത്തു ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായിട്ടില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘സജി ചെറിയാന്റെ വാക്കുകൾ ക്രൈസ്തവ സമൂഹം ദുഃഖത്തോടെയാണു കേട്ടത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ട് അപമാനിച്ച പ്രസ്താവന സമീപകാലത്ത് വേറെയാരും നടത്തിയിട്ടില്ല. ഏതാനും കാലങ്ങളായി കേരളസഭയെ ബിജെപി പക്ഷത്താക്കാനുള്ള ബോധപൂർവമായ ശ്രമം ചില കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ട്’’–സജി ചെറിയാൻ പറഞ്ഞു.
‘‘നവകേരള സദസ്സിൽ പങ്കെടുത്തതു മുഖ്യമന്ത്രി വിളിച്ചതുകൊണ്ടാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്നനിലയിൽ അല്ലല്ലോ ഞങ്ങൾ പങ്കെടുക്കുന്നത്. ഏതെങ്കിലും ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വസതിയിൽ ചെന്നെങ്കിൽ അതും ഈയൊരു വിശാലവീക്ഷണത്തിലാണ്. അതിനെ മാത്രം കക്ഷിരാഷ്ട്രീയവത്കരിക്കുന്നതു ശരിയായ രീതിയല്ല’’– മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.