കൊച്ചി : സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ നടക്കുന്ന ഫ്ലാറ്റ് നിർമാണത്തിനു പിന്നിൽ സ്വപ്ന വഴി യുഎഇ കോൺസുലേറ്റ് വരെ നീളുന്ന അഴിമതിയുണ്ടെന്ന് ആരോപണം. വിദേശത്തു ഗൂഢാലോചന നടത്തി കേന്ദ്രമറിയാതെ സംസ്ഥാന സർക്കാർ വിദേശ ഫണ്ട് സ്വീകരിച്ചെന്നും ഇതിൽ ഒരു കോടി രൂപ സ്വപ്നയ്ക്കു കമ്മിഷൻ ലഭിച്ചെന്നും അനിൽ അക്കര ഗവർണർക്ക് അയച്ച കത്തിൽ ആരോപിച്ചു. സ്വപ്നയുടെ സ്വകാര്യ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ഈ പദ്ധതിയുടെ ഭാഗമാണെന്നു സ്വപ്ന തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയതായാണു വിവരം. അങ്ങനെയെങ്കിൽ പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ സംസ്ഥാന സർക്കാരിനും അഴിമതിയിൽ പങ്കുണ്ടെന്നും സിബിഐ ന്വേഷിക്കണമെന്നുമാണ് ആവശ്യം. വിദേശ ഫണ്ടിന്റെ ദുരുപയോഗവും കേന്ദ്ര നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനവും അന്വേഷിക്കണം. നിർമാണ സ്ഥലത്തെ പരസ്യ ബോർഡിൽ കേരള ലൈഫ് മിഷൻ പദ്ധതി യുഎഇ കോൺസുലേറ്റ് വഴി എമിറേറ്റ്സ് റെഡ് ക്രസന്റ് സ്പോൺസർ ചെയ്തതാണെന്നും നിർമാണ ചുമതല ‘യുണിടെക്കി’നാണെന്നും എഴുതിയിട്ടുണ്ട്. യുഎഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയിൽ നേരിട്ടു പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ല. ഏറ്റെടുക്കണമെങ്കിൽ മാതൃ എൻജിഒ ആയ റെഡ് ക്രോസ് വഴി സമീപിക്കണം. എന്ന് അനിൽ അക്കര ചുണ്ടി കാണിച്ചു
റിപ്പോർട്ട്: കൃഷ്ണപ്രസാദ്
കൊച്ചി