ഷൊര്‍ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിന്റെ സാധുത ചോദ്യംചെയ്താണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും രംഗത്തെത്തിയത്. നിയമനസാധുതയെ ചോദ്യംചെയ്തുള്ള വാദം രാജ്യത്തെ ഒരു കോടതിയും അംഗീകരിച്ചില്ല, തള്ളിക്കളയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നിയമിച്ച ചാന്‍സലര്‍ തന്നെ സുപ്രീംകോടതിയില്‍ പറഞ്ഞത്, യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനം എന്നാണ്. ആ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. പുനര്‍നിയമനം സംബന്ധിച്ച് നിലവിലുള്ള യുജിസി ചട്ടങ്ങള്‍ ഒന്നുംതന്നെ ലംഘിക്കപ്പെട്ടിട്ടില്ല എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. ചാന്‍സലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നു എന്നാണ് ജഡ്ജിമാര്‍ വിധിന്യായത്തില്‍ പറഞ്ഞത്. പുനര്‍നിയമനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധി വന്നശേഷവും ചാന്‍സലര്‍ പറയുന്നത്. ഇത് വിചിത്രമായ നിലപാടാണ്. പ്രൊ ചാന്‍സലര്‍ ചാന്‍സലര്‍ക്ക് എഴുതിയ കത്താണ് ബാഹ്യസമ്മര്‍ദമായി വ്യാഖ്യാനിക്കപ്പെടുന്നത്. ഒരേനിയമത്തിന് കീഴില്‍വരുന്ന രണ്ടധികാരികല് തമ്മില്‍ നടത്തുന്ന കത്തിടപാടുകള്‍ എങ്ങനെയാണ് ബാഹ്യസമ്മര്ദമാകുക? വിധിയില്‍ നിയമനാധികാരിയായ ചാന്സലറെക്കുറിച്ചാണ് പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്. ചട്ടവിരുദ്ധമായത് എന്തെങ്കിലും ഉന്നയിച്ചാല്‍ അത് അംഗീകരിച്ചുകൊടുക്കാനാണോ ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിധിക്ക് ശേഷമുള്ള ചാന്‍സലറുടെ പരാമര്‍ശങ്ങള്‍ മറ്റേതോ ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. എജിയുടെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസ് ചാന്‍സലര്‍ക്ക് എത്തിച്ചുനൽകി എന്നുപറയുന്നത് തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് എജിയുടെ നിയമോപദേശം രാജ്ഭവനില്‍ എത്തിച്ചത്. അതിന് മുമ്പ് ചാന്‍സലര്‍ ആവശ്യപ്പെട്ടപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ചാന്‍സലറെ സന്ദര്‍ശിച്ച് പുനര്‍നിയമനം സംബന്ധിച്ച സര്‍വകലാശാല നിയമത്തിലെ വിവിധവശങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയാണ് ഉണ്ടായത്.
ചാന്‍സലര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. അതിനേയും സമ്മര്‍ദ്ദമായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. എജിയുടെ നിയമോപദേശം വേണമെന്ന് അദ്ദേഹമാണ് വാക്കാല്‍ ആവശ്യമുന്നയിച്ചത്. സ്വയം തീരുമാനം എടുക്കാനുള്ള ചാന്‍സലറുടെ അവകാശത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വസ്തുതകളെ തെറ്റായി അവതരിപ്പിച്ചതിന്റെ പരിണിത ഫലമാണ് സുപ്രീംകോടതിയില്‍നിന്ന് അദ്ദേഹത്തിനേറ്റ തിരിച്ചടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്വതന്ത്രവും നിര്‍ഭയവുമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ഗോപിനാഥ് രവീന്ദ്രനെ ഇവിടെനിന്ന് തുരത്തണമെന്ന്, ഭരണഘടനാപദവി ആഗ്രഹിക്കുന്നവര്‍ക്കുമേല്‍ ബാഹ്യസമ്മര്‍ദ്ദം ചെലുത്തുന്ന ചില ശക്തികള്‍ക്ക് താല്പര്യമുണ്ടാകുന്നത് മനസിലാക്കാവുന്നതാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ആഹ്ലാദിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.