കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എറണാകുളം മൂന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പുറപ്പെടുവിച്ചിട്ട് ഒരാഴ്ചയായി എന്നും നാളെ കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തർക്കത്തിൽ ഗിരീഷിനും റോബിൻ ബസിനും സോഷ്യൽ മീഡിയയിലടക്കം വലിയ ജനപിന്തുണയാണ് ലഭിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അതേസമയം, ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. വർഷങ്ങൾക്ക് മുൻപുള്ള കേസിൽ മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നും കുടുംബം പറഞ്ഞു.