ഹൈദരാബാദ്: തന്നോട് സംസാരിക്കാൻ ലൈറ്റ് ടവറിൽ വലിഞ്ഞുകയറിയ പെൺകുട്ടിയെ, പ്രസംഗം നിർത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ ഇന്നലെയായിരുന്നു സംഭവം. മഡിഗ റിസർവേഷൻ പൊറാട്ട സമിതി (എം ആർ പി എസ്) സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് ഒരു പെൺകുട്ടി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുള്ള ടവറിൽ കയറി നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ‘ബേട്ടാ’ (മകളേ) എന്ന് വിളിച്ച് മോദി പെൺകുട്ടിയോട് താഴെയിറങ്ങിവരാൻ പലതവണ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പെൺകുട്ടി തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മോദി ഹിന്ദിയിലാണ് പ്രതികരിച്ചത്. ‘മോളെ, ഞാൻ നീ പറയുന്നത് കേൾക്കാം, ദയവായി താഴെയിറങ്ങി വന്നിരിക്കൂ. ഷോർട്ട് സർക്യൂട്ടിന് കാരണമാവും. ഇത് ശരിയല്ല. ഞാൻ നിങ്ങൾക്കുവേണ്ടിയാണ് വന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല’- അദ്ദേഹം പറഞ്ഞു. മോദിയുടെ വാക്കുകൾ രാജ്യസഭാംഗം കെ ലക്ഷ്മൺ തെലുങ്കിൽ പരിഭാഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.