മനാമ: കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ബഹ്റൈൻ പ്രതിരോധ സേനയിലെ വീരമൃത്യു വരിച്ച രണ്ട് സൈനികർക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ അറബ് സഖ്യസേനയുടെ ഭാഗമായി ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിലും ഓപ്പറേഷൻ റിസ്റ്റോറിംഗ് ഹോപ്പിലും പങ്കെടുത്തിരുന്നവരായിരുന്നു ഇവർ. പ്രധാനമന്ത്രി വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുകയും കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും അവരുടെ ത്യാഗങ്ങളിൽ അഭിമാനവും അനുകമ്പയും പ്രകടിപ്പിക്കുകയും ചെയ്തു.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡിന്റെ കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷ്യൽ ഫോഴ്സിന്റെ കമാൻഡർ സ്റ്റാഫ് കേണൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ശവസംസ്കാര പ്രാർത്ഥനകൾ നടത്തുകയും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.