ലക്നൗ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അയോദ്ധ്യയിലെ പുര കലന്ദറിൽ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് കേസിലെ പ്രധാന പ്രതി അനീഷ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനീഷിന്റെ സഹായികളായ രണ്ട് പേരെ ഇനായത്ത് നഗറിൽ നിന്നും അറസ്റ്റ് ചെയ്തതായി സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ അറിയിച്ചു. ആസാദ്, വിശ്വംബർ എന്നിവരാണ് അറസ്റ്റിലായത്. ഇവരും ആക്രമണത്തിൽ പങ്കാളികളാണെന്നാണ് വിവരം. ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ട വനിതാ പോലീസുദ്യോഗസ്ഥയെ ബോധരഹിതയായാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് സരയു എക്സ്പ്രസിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
അയോദ്ധ്യ സ്റ്റേഷനിലേക്ക് എത്തിയ ട്രെയിനിൽ നിന്നാണ് പോലീസുദ്യോഗസ്ഥയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. പോലീസുദ്യോഗസ്ഥയുടെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിരുന്നു. ലക്നൗവിലെ കെജിഎംസി ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ട് പേർ ചേർന്നാണ് ആക്രമിച്ചതെന്നും സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു. കേസ് അന്വേഷിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സ് 150 പേരെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിൽ മുഖ്യപ്രതിയായ അനീഷിനെ പിടികൂടുന്നതിനിടെ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ അനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു